രണ്ടു കോച്ചുകള്‍ പാഞ്ഞു പോകുന്നതിനിടെ 2000 രൂപയുടെ നോട്ടിനായി യുവതി മെട്രോയുടെ ട്രാക്കിലേക്ക് ചാടി ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

2000 രൂപയുടെ നോട്ട് എടുക്കുന്നതിനായി യുവതി മെട്രോയുടെ ട്രാക്കിലേക്ക് ചാടി. ഡല്‍ഹിയിലെ ദ്വാരക മോര്‍ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 26 കാരിയായ ചേത ശര്‍മ്മയെന്ന യുവതിയാണ് 2000 രൂപയുടെ നോട്ടിനായി ട്രാക്കിലേക്ക് ചാടിയത്.

രണ്ടു കോച്ചുകള്‍ മെട്രോ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ചേത ശര്‍മ്മ നോട്ട് എടുക്കാനായി ചാടിയത്. യുവതി ട്രാക്കില്‍ നില്‍ക്കുന്നതിനിടെ രണ്ട് കോച്ചുകള്‍ കടന്നുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സി.ഐ.എസ്.എഫ്) മാപ്പ് എഴുതി കൊടുത്തിട്ടാണ് ചേത ശര്‍മ്മയെ വിട്ടയച്ചത്.

ട്രാക്കിലേക്ക് ചാടിയ യുവതി ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കിന് മധ്യഭാഗത്ത് നിന്നതാണ് രക്ഷപ്പെട്ടതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുജനങ്ങള്‍ അപായ അലറാം മുഴുക്കിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സി.ഐ.എസ്.എഫും സ്റ്റേഷന്‍ കണ്‍ട്രോളറും പാഞ്ഞെത്തി യുവതിയെ ട്രാക്കില്‍ നിന്നും കയറ്റി.

Read more

മാപ്പ് എഴുതി വാങ്ങിയ ശേഷം സഹോദരനോടൊപ്പം പോകാന്‍ യുവതിക്ക് അനുവാദം നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.