മുത്തലാഖ് ബില്ലിനെ ചൊല്ലി ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും തമ്മില്‍ ട്വിറ്ററില്‍ വാക് പോര്

കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കിയതിന് പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. മുസ്ലിംകളെ ശിക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അമിതമായി ഇടപെടുന്നുവെന്നാണ് ബില്‍ പാസായ ശേഷം മെഹബൂബ മുഫ്തി പ്രതികരിച്ചത്. നിയമവിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞ ഒരുകാര്യം തിടുക്കപ്പെട്ട് പാസാക്കുന്നതിന്റെ ആവശ്യകത ഇനിയും മനസ്സിലാകുന്നില്ല. മുസ്ലിംകളെ ശിക്ഷിക്കാന്‍ അമിതമായി ഇടപെടുന്നതിന്റെ തെളിവാണ് ബില്ലെന്നും മെഹബൂബ ട്വിറ്ററില്‍ പ്രതികരിച്ചു. എന്നാല്‍, മെഹബൂബയുടെ പ്രതികരണത്തിനെതിരെ ഒമര്‍ അബ്ദുള്ള രംഗത്തെത്തി.

ട്വീറ്റ് ചെയ്യും മുമ്പ് നിങ്ങളുടെ എംപി എന്താണ് വോട്ടെടുപ്പില്‍ ചെയ്തതെന്ന് അന്വേഷിക്കണം. ഞാന്‍ മനസ്സിലാക്കുന്നത്, അവര്‍ വോട്ടെടുപ്പില്‍ ബില്ലിന് എതിരായി വോട്ട് ചെയ്തിട്ടില്ല എന്നാണ്. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബില്‍ പാസാക്കാന്‍ നിങ്ങള്‍ സര്‍ക്കാറിനെ സഹായിക്കുകയായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. ഉടനെ മെഹബൂബ മുഫ്തിയും തിരിച്ചടിച്ചു. നിങ്ങള്‍ വലിയ ധാര്‍മികത ചമയേണ്ടെന്ന് മുഫ്തി പ്രതികരിച്ചു. 1999ലെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്ത സെയ്ഫുദ്ദീന്‍ സോസിനെ പുറത്താക്കിയ ചരിത്രം ഒമര്‍ അബ്ദുല്ല ഓര്‍ക്കണമെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

നിങ്ങളുടെ പാര്‍ട്ടുടെ ഇരട്ടത്താപ്പിനെ ന്യായീകരിക്കാന്‍ 20 വര്‍ഷം മുമ്പത്തെ കാര്യം നിങ്ങള്‍ക്ക് ഓര്‍മിക്കേണ്ടി വന്നു. നിങ്ങളാണ് എംപിമാരോട് വോട്ടെടുപ്പില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന ആരോപണം അംഗീകരിക്കുകയാണ് ഇതിലൂടെ നിങ്ങള്‍ ചെയ്തത്. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത് ബിജെപിക്ക് തുണയായി എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഒമര്‍ അബ്ദുള്ള മറുപടി നല്‍കി.