നിമിഷപ്രിയക്ക് തിരിച്ചടി; വധശിക്ഷക്കെതിരായുള്ള അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായുള്ള അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി  യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നൽകിയ ഹർജി അപേക്ഷയായി കേന്ദ്രസർക്കാരിന് നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. യെമനിലേക്ക് പോകാൻ അനുവദിക്കണം, അതിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കാട്ടിയാണ് നിമിഷ പ്രിയയുടെ അമ്മ ഹർജി നൽകിയത്. ഏഴു ദിവസത്തിനകം കേന്ദ്രം ഇതിൽ തീരുമാനം എടുക്കണമെന്നാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഈ ഹർജി പരിഗണിച്ചപ്പോഴാണ് നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയ വിവരം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചത്. ഇക്കാര്യം ഇതുവരെ നിമിഷപ്രിയയുടെ അമ്മയെയോ മറ്റ്‌ കുടുംബാംഗങ്ങളെയോ സർക്കാർ അറിയിച്ചിരുന്നില്ല.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ  കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹർജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.

Read more

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാലാണ് (ഏകദേശം 1.5 കോടി രൂപ) ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്.