2024ൽ ലോകം കടന്ന് പോയത് ധാരാളം പ്രകൃതി ദുരന്തങ്ങളിലൂടെയാണ്. വലുതും ചെറുതുമായ പല ദുരന്തങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടമായി. കേരളത്തിലെ സാഹചര്യവും മോശമായിരുന്നില്ല. ഈ വര്ഷം കടന്ന് പോകുമ്പോൾ നാം സാക്ഷ്യം വഹിച്ച ദുരന്തങ്ങളിലേക്കൊരു എത്തിനോട്ടം.
വയനാട് ഉരുൾപൊട്ടൽ
=====================
2024 ലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോൾ കേരളക്കരയെ ഞെട്ടിച്ച ദുരന്തമായിരുന്നു 2024 വയനാട്ടിലെ ഉരുൾപൊട്ടൽ. രണ്ട് ഗ്രാമങ്ങൾ അപ്പാടെ ഇല്ലാതായിപ്പോയ ദുരന്തം. വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് 2024 ജൂലൈ 30-നായിരുന്നു കേരളക്കരയെ ഞെട്ടിച്ച ആ ഉരുൾപൊട്ടൽ. മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളാണ് വയനാട് ഉരുൾപൊട്ടലിൽ ആക്കം കൂട്ടിയത്. ഈ മഹാ ദുരന്തത്തിൽ 403 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും നിരവധിപേരെ കണ്ടെത്താനുണ്ട്. കനത്ത മഴയിൽ കുന്നിൻചെരിവുകൾ ഇടിഞ്ഞുവീഴാൻ കാരണമായി. അതിൻ്റെ ഫലമായി ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്തേക്ക് പതിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായാണ് ഈ ഉരുൾപൊട്ടലിനെ കണക്കാക്കുന്നത്. കേരളക്കരയെ ദുരന്തത്തിലാഴ്ത്തിയ മറ്റൊരു പ്രകൃതി ദുരന്തം ഈ അടുത്തിടെ ഉണ്ടായിട്ടില്ല.
കോഴിക്കോട് ദുരന്തം
====================
വയനാട് ഉരുൾപൊട്ടലിനൊപ്പം തന്നെയാണ് കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ ഉണ്ടായത്. മഴവെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി. പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഉരുൾപൊട്ടലിൽ ഒരു ജീവനും നഷ്ടമായിരുന്നു. വിലങ്ങാട് സ്വദേശിയാണ് ഉരുൾപൊട്ടലിൽ മരിച്ചത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മരണം
======================================================
2024 ൽ മലയാളികളെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മരണം. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിൽ, വെല്ലുവിളികൾ നിറഞ്ഞ രക്ഷാപ്രവർത്തനം…. അർജുന് വേണ്ടി കേരളക്കര ഒന്നാകെ കാത്തിരുന്നു. പ്രാർത്ഥിച്ചു. ആ നിമിഷങ്ങളൊന്നും മലയാളികൾക്ക് അത്ര വേഗം മറക്കാനാകില്ല.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് എഴുപത്തി ഒന്നാം ദിനമാണ് കണ്ടെത്തിയത്. 2024 ജൂലായ് 16-നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവിൽ 71- ദിവസത്തിന് ശേഷം ബുധനാഴ്‌ച ഉച്ചയോടെയാണ് അർജുന്റെ ലോറി ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയായ അർജുൻ്റെ ലോറിയും അപകടത്തിൽപ്പെടുന്നത്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.
നീലേശ്വരം വെടിക്കെട്ടപകടം
============================
മഴക്കെടുതിക്ക് പുറമെ കേരളം ഞെട്ടിയ മറ്റൊരു ദുരന്തമായിരുന്നു. കാസർകോഡ് നീലേശ്വരത്ത് നടന്ന വെടിക്കെട്ട് ദുരന്തം. യാതൊരു മുൻകരുതലുകളും ഒരുക്കാതെ നടത്തുന്ന ചില ആഘോഷങ്ങൾ പലപ്പോഴും ദുരന്തങ്ങളിലേക്ക് വഴി മാറിയ സംഭവങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് ഉണ്ടായ പൊട്ടിത്തെറി. 5 പേരുടെ മരണത്തിനാണ് ആ അപകടം സാക്ഷ്യം വഹിച്ചത്. പലരും ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ 154 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മുൻപ് 2016 ലാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം നടന്നത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ 110 പേരുടെ ജീവനെടുത്ത മൽസര വെടിക്കെട്ട്.
ഇന്ത്യയിലെ മറ്റ് ദുരന്തങ്ങൾ
================================
രാജ്യം കടുത്ത ദുരന്തങ്ങളിലൂടെയാണ് 2024 ലും കടന്നുപോയത്. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉരുൾപൊട്ടലുമൊന്നും ഇക്കുറിയും നമ്മെ വെറുതെ വിട്ടില്ല. വലുതും ചെറുതുമായ പല ദുരന്തങ്ങളും 2024 അഭിമുഖീകരിക്കേണ്ടി വന്നു. ധാരാളം ജീവനുകളും നമുക്ക് നഷ്ടമായി. അവയിൽ പ്രധാനപ്പെട്ട ചിലത് ഓർത്തെടുക്കുമ്പോൾ…പ്രധാനമായി എടുത്തുപറയേണ്ടത് വെള്ളപ്പൊക്കം തന്നെയാണ്.
കനത്ത മഴയെ തുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഏകദേശം 117 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024 മെയ് മാസമാണ് അസമില്‍ കനത്ത മഴയാണ് പെയ്‌തത്. ജലനിരപ്പ് ക്രമാധീതമായി പെട്ടെന്ന് ഉയരുകയായിരുന്നു. 11 ജില്ലകളിലായി 349000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. റെമാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയാണ് നദികളിലെ ജലനിരപ്പ് ഉയരാൻ കാരണം.
അസം വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഹിമാചൽ വെള്ളപ്പൊക്കം ഉണ്ടായത്. ജൂൺ 27 നും ഓഗസ്റ്റ് പതിനാറിനുമിടയിലുണ്ടായ 51 മേഘവിസ്ഫോടനങ്ങളിലും മിന്നൽപ്രളയത്തിലും ഹിമാചൽ പ്രദേശിൽ 31 ജീവനുകൾ നഷ്ടമായി. 33 പേരെ കാണാതായി. 121 വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നു. 35 ഉരുൾപൊട്ടലുണ്ടായതും നാശനഷ്ടങ്ങൾ ഇരട്ടിയാക്കി. 1140 കോടി രൂപയുടെ നാശമാണ് സംസ്ഥാനത്തുണ്ടായത്. റോഡുകളും കെട്ടിടങ്ങളും തകർന്നതാണ് വലിയ നാശനഷ്‌ടത്തിനിടയാക്കിയത്.
അതേസമയം ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ ഒന്‍പതിനും ഇടയിലാണ് കനത്ത മഴയെ തുടര്‍ന്ന് വിജയവാഡയില്‍ അതിശക്തമായ വെള്ളപ്പൊക്കമുണ്ടായത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. 45 വിലപ്പെട്ട ജീവനുകള്‍ നഷ്‌ടമായി. 270,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. കൃഷ്‌ണയും ബുദാമേരുവും കരകവിഞ്ഞൊഴുകിയതോടെ താഴ്‌ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. 473 മൃഗങ്ങളും വെള്ളപ്പൊക്കത്തിൽ പെട്ട് ചത്തെന്നാണ് ഔദ്യോഗിക കണക്കുകൾ. 71,639 പക്ഷികൾക്കും ജീവൻ നഷ്‌ടമായി.
ഗുജറാത്ത് വെള്ളപ്പൊക്കവും ധാരാളം ജീവനുകള്‍ നഷ്‌ടമാകുന്നതിനും കാരണമായ ഒന്നാണ്. ഓഗസ്റ്റിലെ അവസാന ആഴ്‌ചയില്‍ ഗുജറാത്തില്‍ ഉണ്ടായ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി. മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലും ഭിത്തികള്‍ തകര്‍ന്നുവീണും മുങ്ങിയും 49 ജീവനുകളാണ് നഷ്‌ടമായത്. എന്‍ഡിആര്‍എഫ്, സൈന്യം, മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടി വന്നു. 37000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അസ്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇവിടെ കാരണമായത്.
ചുഴലിക്കാറ്റുകൾ
================
ഡിസംബര്‍ രണ്ടിന് ഫെന്‍ജാല്‍ ചുഴലിക്കാറ്റിന്‍റെ ഫലമായുണ്ടായ തോരാമഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കനത്ത ഉരുള്‍ പൊട്ടലുണ്ടായി. ഒരു കൂറ്റന്‍പാറ അടര്‍ന്ന് വീടിന് മുകളില്‍ പതിച്ച് അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചിരുന്നു. അതേസമയം നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് വീശിയടിച്ച റീമാല്‍ ചുഴലിക്കാറ്റില്‍ 38 ജീവനുകള്‍ നഷ്‌ടമായ വർഷം. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 50 ജീവനുകളാണ് റീമാല്‍ എടുത്തത്.
2024 ൽ ദുരന്തം വിതച്ച ഒന്നാണ് ഇടിമിന്നൽ. 2024 ജൂലൈ 7ന് ബിഹാറില്‍ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 21 പേര്‍ മരിച്ചിരുന്നു. 2024 ജൂലൈ 10 ഉത്തര്‍പ്രദേശില്‍ മറ്റൊരു സംഭവത്തില്‍ 38 പേര്‍ക്ക് ഇടിമിന്നലേറ്റ് ജീവന്‍ നഷ്‌ടമായി. എന്നാല്‍ ഇത് വെള്ളപ്പൊക്ക മരണങ്ങളായാണ് സംസ്ഥാന സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ഒക്‌ടോബര്‍ 19ന് ഗുജറാത്തിലെ അമ്രേലി, രാജ്കോട്ട്, ബോത്താഡ് ജില്ലകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേര്‍ മരിച്ചിരുന്നു.
2024 ൽ ലോകത്തുണ്ടായ ദുരന്തങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ അറ്റ്ലാൻ്റിക് ചുഴലിക്കാറ്റാണ് ഏറ്റവും നാശം വിതച്ച ഒന്ന്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു ഇത്. 227 ബില്യൺ ഡോളർ നാശനഷ്ടങ്ങളും 400 മരണങ്ങളുമാണ് ദുരന്തം ഉണ്ടാക്കിയത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിലെ വെള്ളപ്പൊക്കമാണ് മറ്റൊന്ന്. പ്രതീക്ഷിക്കാതെ എത്തിയ മഴ വൻ നാശ നഷ്ടങ്ങളാണ് വരുത്തിവച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം മുഴുവൻ ഗ്രാമങ്ങളെയും വെള്ളത്തിനടിയിലാക്കി. നൂറുകണക്കിന് ആളുകളുടെ മരണത്തിനും ഈ വെള്ളപ്പൊക്കം സാക്ഷ്യം വഹിച്ചു. 2024 ൽ ഉണ്ടായ ലാറ്റിനമേരിക്കയിലെ കാട്ടുതീ ഉണ്ടാക്കിയത് വ്യാപക നാശനഷ്ടങ്ങളായിരുന്നു. വനവും വനത്തിലെ വന്യജീവികളും സാമ്പത്തികവും പാരിസ്ഥിതികവുമായ നാശനഷ്ടങ്ങൾ രാജ്യത്തുണ്ടായി.
2024 ലും പ്രകൃതി ദുരന്തങ്ങളാണ് നിറഞ്ഞതായിരുന്നു. നിരവധി ആളുകളാണ് ദുരന്തങ്ങളിൽ ഈ ലോകത്തോട് വിടപറഞ്ഞത്. നിരവധി നാശനഷ്ടങ്ങൾ കേരളത്തിലും രാജ്യത്തും ലോകത്തും ഉണ്ടായി. അത് സമ്പത്ത് ഘടനയെയും ബാധിച്ചു.