നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 മരണം

നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നദിയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ക്ക് ദാരുണാന്ത്യം. നൈജര്‍ നദിയിലുണ്ടായ പ്രളയത്തിനിടെ ഇന്നലെയാണ് 85 പേര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്. സംഭവം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കനത്ത മഴയില്‍ നദി നിറഞ്ഞു കവിഞ്ഞിരുന്നതും കനത്ത ഒഴുക്കും തടസ്സമായി.

ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രസിഡന്റ് മുഹമ്മദ് ബുഹാരി നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ ആത്മാവിനും ഈ ദാരുണമായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത ഭാഗം, അമിതവേഗത, മോശം അറ്റകുറ്റപ്പണികള്‍, നാവിഗേഷന്‍ നിയമങ്ങള്‍ അവഗണിക്കല്‍ എന്നിവ കാരണം നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവായിരിക്കുകയാണ്. മഴക്കാലത്തിന്റെ തുടക്കം മുതല്‍, രാജ്യത്തിന്റെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചതോടെ 200 ദശലക്ഷത്തിലധികം ജനങ്ങളെയാണ് ബാധിച്ചത്. 300-ലധികം ആളുകള്‍ മരിക്കുകയും കുറഞ്ഞത് 100,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തതാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.