അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി; 538 പേര്‍ അറസ്റ്റിലായെന്ന് വൈറ്റ് ഹൗസ്

അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ട ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ വീണ്ടും അധികാരമേറ്റതിന് പിന്നാലെ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ എന്ന പേരിലാണ് നടപടി. അമേരിക്കന്‍ ജനതയെ അധിനിവേശത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതുള്‍പ്പെടെയുള്ള ഇരുനൂറിലേറെ നിര്‍ണായക എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അനധികൃത കുടിയേറ്റം അഭൂതപൂര്‍വമായ രീതിയില്‍ കൂടിയെന്ന് ഉത്തരവില്‍ പറയുന്നു.

തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്തവരും അറസ്റ്റിലായവരിലുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.