തെക്കന്‍ ഗാസയില്‍ വ്യോമാക്രമണം; 71 പേര്‍ കൊല്ലപ്പെട്ടു, 289 പേര്‍ക്ക് പരിക്ക്; ആക്രമണം ഇസ്രായേല്‍ പ്രഖ്യാപിച്ച സുരക്ഷാകേന്ദ്രത്തില്‍

തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. 289 പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്റെ സൈനിക തലവന്‍ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാല്‍ ആക്രമണം സാധാരണക്കാര്‍ക്ക് നേരെയാണ് നടത്തിയതെന്ന് ഹമാസ് പ്രതികരിച്ചു.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍ മവാസി മേഖലയില്‍ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. ഇസ്രായേല്‍ സുരക്ഷിതമെന്ന് പ്രഖ്യാപിച്ചിരുന്ന മേഖലയിലാണ് ഇന്ന് ആക്രമണം നടത്തിയത്. ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് മുഹമ്മദ് ദൈഫ്.

Read more

ഇസ്രായേല്‍ സുരക്ഷിതമായ സ്ഥലമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ നിരവധി പാലസ്തീനികള്‍ പ്രദേശത്ത് തിങ്ങിപ്പാര്‍ത്തിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ സ്ഥലത്ത് സാധാരണക്കാര്‍ ഉണ്ടായിരുന്നില്ലെന്നും ഹമാസ് പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായിരുന്നതെന്നും ഇസ്രായേല്‍ സേന ആരോപിക്കുന്നു.