അടിമുടി പ്രവചനാതീതനായ ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിൽ എല്ലാ നീക്കങ്ങളും വിവാദങ്ങളാവുണ്ടെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുന്ന ഒരു തീരുമാനത്തിന് തിരി കൊളുത്തിയിരിക്കുകയാണ് നിലവിൽ ട്രംപ്. പുതിയ താരിഫുകൾ നടപ്പിലാക്കാൻ അടിയന്തിര സാമ്പത്തിക അധികാരങ്ങൾ പ്രയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കനേഡിയൻ, മെക്സിക്കൻ ഉത്പന്നങ്ങൾക്ക് ഇരുപത്തിയഞ്ച് ശതമാനം താരിഫ് നേരിടേണ്ടി വരും. അതേസമയം ഇതിനകം തന്നെ താരിഫ് നേരിടുന്ന ചൈനക്ക് പത്ത് ശതമാനത്തിന്റെ അധിക ഭാരം കൂടെ ചുമക്കേണ്ടി വരും. ട്രംപിന്റെ ഈ തീരുമാനത്തെ അത്ര നല്ല രീതിയിലല്ല ലോക രാജ്യങ്ങൾ വിലയിരുത്തുന്നത്. മെക്സിക്കോ, കാനഡ പോലുള്ള രാജ്യങ്ങൾ പ്രത്യക്ഷത്തിൽ തന്നെ അതിനോട് എതിരിടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുമുണ്ട്. ട്രംപിന്റെ ഏകപക്ഷീയമായ ഇത്തരം കടുത്ത തീരുമാനങ്ങൾ ഒരു തുറന്ന വ്യപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
എന്താണ് ഒരു വ്യാപാര യുദ്ധം?
ഇറക്കുമതിയിൽ താരിഫ് പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഒരു രാജ്യം മറ്റൊരു രാജ്യത്തിൻറെ അന്യായമായ വ്യാപാര സമ്പ്രദായങ്ങളോട് പ്രതികരിക്കുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സംഘട്ടനമാണ് വ്യാപാര യുദ്ധം. ഒരു രാജ്യത്തിനെതിരെ ഉപരോധം പുറപ്പെടുവിക്കുന്നതിനോ ഒരു രാജ്യത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോ ഒരു വ്യാപാര യുദ്ധം സാമ്പത്തിക മാർഗങ്ങളിൽ കൂടി ഉപയോഗിക്കുന്നു. എന്നാൽ സ്വന്തമായി ഉൽപ്പാദിപ്പിക്കാനുള്ള മതിയായ കഴിവില്ലാതെ, ഇറക്കുമതിക്ക് ഉയർന്ന താരിഫ് പുറപ്പെടുവിക്കുന്നത് ഒരു രാജ്യത്തെ പൗരന്മാർക്ക് സാധനങ്ങൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്ന സാഹചര്യത്തിന് കളമൊരുക്കുന്നു.
യുഎസിന്റെ പുതുക്കിയ താരിഫുകളും അവയുടെ അനന്തര ഫലങ്ങളും
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ അയൽരാജ്യങ്ങളായ കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് പ്രഖ്യാപിക്കുകയും ഫെൻ്റനൈൽ വിതരണത്തിൽ ചൈനീസ് ഇറക്കുമതിയുടെ പങ്കിനും 10 ശതമാനം അധിക താരിഫ് ചുമത്തിയതിന്റെയും പ്രതികരണമായി യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പ്രതികാര താരിഫ് ചുമത്തി കാനഡ തിരിച്ചടിക്കുകയും മെക്സിക്കോയും ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ താരിഫുകളുടെ പുനർക്രമീകരണം അടിസ്ഥാന വസ്തുക്കൾ ശരാശരി പൗരന് ചെലവേറിയതായി മാറുകയും ജീവിത ചെലവുകൾ അധികരിക്കുകയും ചെയ്യും. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ചൈനയ്ക്കും പ്രതികാര താരിഫുകൾ നൽകാനുള്ള ആലോചനയിലാണ്.
ട്രംപ് ലക്ഷ്യമിടുന്ന മൂന്ന് രാജ്യങ്ങൾ അമേരിക്കയുടെ ഏറ്റവും വലിയ മൂന്ന് വ്യാപാര പങ്കാളികളായതിനാൽ യുഎസ് ഇറക്കുമതിയുടെ മൂന്നിലൊന്ന് വരുന്നത് അവിടങ്ങളിൽ നിന്നാണ്. മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വിതരണം ചെയ്യുന്ന സാധാരണ ഉൽപ്പന്നങ്ങളിൽ പഴങ്ങളും പച്ചക്കറികളും, മാംസം, ഗ്യാസ്, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, തടി, ബിയർ, സ്പിരിറ്റുകൾ എന്നിവ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം തീരുമാനങ്ങൾ കൊണ്ട് അമേരിക്കൻ കുടുംബങ്ങൾക്ക് വലിയ വിലവർദ്ധന ഭീഷണി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാപാര യുദ്ധത്തിന്റെ അനന്തര ഫലങ്ങളും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയും
Read more
താരിഫ് നിരക്ക് ഉയർത്തിയ അമേരിക്കയുടെ തീരുമാനത്തിന്റെ ആദ്യ ഘട്ട അനുരണങ്ങൾ എന്ന നിലക്ക് ഇന്ത്യൻ രൂപയുടെ മൂല്യം 67 പൈസ ഇടിഞ്ഞ് 87.29 എന്ന റെക്കോർഡ് താഴ്ചയിലെത്തി. തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിദേശ വിപണികളിൽ അമേരിക്കൻ കറൻസിയുടെ വിശാലമായ ശക്തിയും കാരണം രൂപയ്ക്ക് മേലുള്ള സമ്മർദ്ദം തുടരുന്നു. അതേസമയം ചൈനയ്ക്കുമേലുള്ള യുഎസ് താരിഫ് വർദ്ധനവ് ഇന്ത്യയ്ക്ക് ഒരു അവസരം സൃഷ്ടിക്കുമെന്ന് ചില നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. ആ അവസരം മുതലെടുക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. പക്ഷേ ഇതെല്ലാം യുഎസിന്റെ അടുത്ത നടപടിയെ ആശ്രയിച്ചിരിക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു.