തനിക്ക് 'ബനാനാ ഫോബിയ' എന്ന് സ്വീഡിഷ് മന്ത്രി; ഔദ്യോഗിക പരിപാടികളിൽ വാഴപ്പഴത്തിന് വിലക്ക്

ഈ ലോകത്തിലെ മനുഷ്യമ്മാർക്ക് പലതരം പേടിയാണ് ഉള്ളത്. മഴ, ഇടി, ഇരുട്ട്,ശബ്ദം, ഉയരം എന്നിങ്ങനെ. ചിലർക്ക് ചില വസ്തുക്കളോടൊക്കെ ഭയമാണ്. അത്തരത്തിൽ വാഴപ്പഴത്തെ പേടിക്കുന്ന സ്വീഡിഷ് മന്ത്രിയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സ്വീഡനിലെ ലിംഗ സമത്വ മന്ത്രിയാണ് പൗളിന ബ്രാൻഡ്ബെർഗ്. തന്റെ ഔദ്യോഗിക പരിപാടികളിൽ അവർ വാഴപ്പഴം നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴി വച്ചു. സ്വീഡിഷ് മാധ്യമമായ എക്സ്പ്രഷൻ ചോർത്തിയ ചില ഇ-മെയിലുകളാണ് മന്ത്രി തന്റെ ഔദ്യോഗിക കൂടിക്കാഴ്ചകളിൽ നിന്ന് വാഴപ്പഴം വിലക്കിയ വാർത്ത പുറത്തുവിട്ടത്.

ഇതേത്തുടർന്ന ആണ് മന്ത്രിക്ക് വാഴപ്പഴം അലർജിയാണെന്ന തരത്തിലുള്ള ചർച്ചകൾ ആരംഭിച്ചത്. പിന്നീട് ഇത് അലർജിയല്ല, തനിക്ക് വാഴപ്പഴത്തോട് അസാധാരണമായ ഒരു ഭയമാണെന്ന് അവർ വെളിപ്പെടുത്തി. 2020 ലെ ട്വിറ്റർ (ഇപ്പോൾ X) കുറിപ്പിൽ തനിക്ക് ‘ബനാനാ ഫോബിയ’ എന്ന അത്യപൂർവ ഭയമുണ്ടെന്നും പ്രൊഫഷണൽ സഹായം സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാൻഡ്ബെർഗ് പറഞ്ഞിരുന്നു. പിന്നീട് ആ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടു.

ബനാന ഫോബിയ ഉള്ളവർക്ക് വാഴപ്പഴം കാണുമ്പോഴോ വാഴപ്പഴം കഴിക്കേണ്ടി വന്നാലോ എന്ന ചിന്ത പോലും ഉത്കണ്ഠ, ഓക്കാനം, വിയർക്കൽ, നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ചെറിയ പ്രായത്തിൽ തന്നെ ഉണ്ടാകുന്ന ചില അനുഭവങ്ങൾ ഇത്തരം ഫോബിയകൾക്ക് കാരണമാകുമെന്നാണ് പറയുന്നത്.

വിഐപി ലഞ്ചുകളുടെ പരിസരങ്ങൾ ‘ബനാന ഫ്രീ സോണു’കളാക്കിയത് സ്വീഡനിൽ ‘ബനാന ഫോബിയ’യെന്ന അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. വാർത്തകൾ വന്നതിനെ തുടർന്ന് സോഷ്യൽ ഡെമോക്രാറ്റിക് എം പി തെരേസ കർവാലോ തനിക്കും സമാന പ്രശ്നമുണ്ടെന്ന എക്സ് കുറിപ്പോടെ ബ്രാൻഡ്ബർഗിന് പിന്തുണയുമായെത്തി.

അതേസമയം ബോളിവുഡിലെ ചില താരങ്ങളുടെ ഫോബിയകകൾ പ്രസിദ്ധമാണ്. അർജുൻ കപൂറിനു പേടി സീലിങ് ഫാനുകളോടാണ്, ഈ പേടി അൽപം സീരിയസായതിനാൽ അർജുൻ്റെ വീട്ടിലെങ്ങും ഒരു ഫാൻ ഇല്ലത്രേ. എങ്ങോട്ടെങ്കിലും പോയാലും ഫാനുകളില്ലാത്ത സ്‌ഥലം നോക്കിയേ അർജുൻ ഇരിക്കൂ.’ ബോളിവുഡ് നടി കത്രീന കൈഫിനു പേടി തക്കാളിയോടാണ്. ഈ പേടി കാരണം ‘സിന്ദഗീ നാ മിലേഗി ദുബാര’ എന്ന ചിത്രത്തിലെ തക്കാളികൾ കുത്തിനിറച്ച ഒരു ഗാനരംഗത്തിൽ അറച്ചറച്ചാണു കത്രീന അഭിനയിച്ചത്. ഒരു പ്രമുഖ ടുമാറ്റോ കെച്ചപ്പ് ബ്രാൻഡിൻ്റെ കരാർ ഇക്കാരണത്താൽ കത്രീന ഉപേക്ഷിക്കുകയും ചെയ്തു.