ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്റെ മൃതദേഹം മേഘാലയയില്‍ കണ്ടെത്തി; അഴുകിയ നിലയില്‍ കണ്ടെത്തിയത് ഇഷാഖ് അലി ഖാന്‍ പന്നയുടെ മൃതദേഹം

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന് പിന്നാലെ കാണാതായ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാന്‍ പന്നയുടെ മൃതദേഹം മേഘാലയയില്‍ നിന്ന് കണ്ടെത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ ജയന്തിയ ഹില്‍സിലെ പ്ലാന്റേഷനിലാണ് ഇഷാഖ് അലി ഖാന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 26ന് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ പ്ലാന്റേഷന്‍. മൃതദേഹത്തിലെ പാസ്‌പോര്‍ട്ടില്‍ നിന്നാണ് ഇഷാഖ് അലി ഖാനെ തിരിച്ചറിഞ്ഞത്. മൃതദേഹം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more

ബംഗ്ലാദേശ് ഛത്ര ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഷാഖ് അലി ഖാന്‍ പന്ന പിരോജ്പുര്‍ ജില്ലയില്‍ നിന്നുള്ള അവാമി ലീഗ് നേതാവായിരുന്നു. ആഭ്യന്തര കലാപത്തിന് പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ച ഇഷാഖ് അലി ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.