കലാപത്തിന്റെ കനലുകള്‍ അണയും മുമ്പ് ബംഗ്ലാദേശിനെ ഞെട്ടിച്ച് മരണം; മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം ഹതിര്‍ജീല്‍ തടാകത്തില്‍

കലാപത്തിന്റെ കനലുകള്‍ അടങ്ങാത്ത ബംഗ്ലാദേശിനെ ഞെട്ടിച്ച് മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍. ഗാസി ടി.വിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമ(32) യുടെ മൃതദേഹമാണ് ഹതിര്‍ജീല്‍ തടാകത്തില്‍ കണ്ടെത്തിയത്.

ഫേസ്ബുക്കില്‍ സാറയുടെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് തടാകത്തില്‍ മൃതദേഹം കണ്ടെത്തിയത്. സാഗര്‍ എന്ന വ്യക്തി സാറയെ തടാകത്തില്‍ നിന്നും കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്ന് ധാക്ക മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഇന്‍സ്പെക്ടര്‍ ബച്ചു മിയ പറഞ്ഞു.

മരണത്തിന് മുമ്പ് സാറ രണ്ട് സ്റ്റാറ്റസുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നായിരുന്നു സ്റ്റാറ്റസുകളിലൊന്ന്. സുഹൃത്തായ ഫഹീം ഫയസാലിനെ ടാഗ് ചെയ്തായിരുന്നു മറ്റൊരു പോസ്റ്റ്.

ഇത്രയും നല്ലൊരു സുഹൃത്തിനെ ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഫഹീമിനെ ടാഗ് ചെയ്തുള്ള സാറയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നു. സാറയുടേത് ആത്മഹത്യയാണെന്നും അതല്ല കൊലപാതകമാണെന്നും വാര്‍ത്തകള്‍ ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.