സംഘര്‍ഷങ്ങളൊഴിയാതെ ബംഗ്ലാദേശ്; ധാക്കയില്‍ വിദ്യാര്‍ത്ഥികളും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍

ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റിട്ടും സംഘര്‍ഷങ്ങളൊഴിയാതെ ബംഗ്ലാദേശ്. തലസ്ഥാനമായ ധാക്കയിലെ സെക്രട്ടേറിയറ്റിന് സമീപത്തായിരുന്നു വിദ്യാര്‍ത്ഥികളും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്.

അര്‍ദ്ധ സൈനിക വിഭാഗമായ അന്‍സാര്‍ ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. ഇതിനിടെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനും വിവേചനത്തിനെതിരായ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ കോ ഓര്‍ഡിനേറ്ററുമായ നഹിദ് ഇസ്ലാമിനെയും മറ്റ് രണ്ട് കോ ഓര്‍ഡിനേറ്റര്‍മാരായ സര്‍ജിസ് ആലം, ഹസ്‌നത്ത് അബ്ദുള്ള തുടങ്ങിയവരെ അന്‍സാര്‍ വിഭാഗം തടഞ്ഞുവച്ചിരിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു.

ഇതിന് പിന്നാലെ ധാക്ക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് സംഘര്‍ഷം നിയന്ത്രിച്ചു. ആഭ്യന്തര കലാപത്തിന് പിന്നാലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച ബംഗ്ലാദേശ് ഇന്ത്യയിലെ രണ്ട് ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി.

ഷബാന്‍ മഹ്‌മൂദ്, രഞ്ജന്‍ സേന്‍ എന്നിവരെയാണ് ഇടക്കാല സര്‍ക്കാര്‍ ഉത്തരവിറക്കി പുറത്താക്കിയത്. ഓഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവിലൂടെയായിരുന്നു ഇരുവരെയും ഇടക്കാല സര്‍ക്കാര്‍ പുറത്താക്കിയത്.

Read more

കാലാവധി അവസാനിക്കുന്നതിന് മുന്‍പാണ് ഇരുവരെയും പുറത്താക്കിയിരിക്കുന്നത്. 2026വരെയാണ് രഞ്ജന്‍ സേനന്റെ കാലാവധി. ഷബാന്‍ മഹ്‌മൂദിന്റെ കാലാവധിയും അവസാനിച്ചിട്ടില്ല. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യ അഭയം നല്‍കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതായാണ് വിലയിരുത്തല്‍.