ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. ഇന്നലെ 26,596 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിര്‍ദേശം.
തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ മാത്രം ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. . ഇവിടെ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിലൊതുങ്ങാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം.
ഏറെ വിമര്‍ശിക്കപ്പെട്ട കോവിഡ് നിയന്ത്രണങ്ങളില്‍ ഈ മാസമാദ്യം ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നത് ഒഴിവാക്കി. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റീന്‍ കാലം 10 ദിവസത്തില്‍നിന്ന് എട്ട് ആക്കി കുറയ്ക്കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുകയാണ് ചൈന.
രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നുമെന്ന് ബീജിംഗ് സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (സിഡിസി) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഏറ്റവും നിര്‍ണായകവും കഠിനവുമായ നിമിഷത്തിലാണ് ചൈനയെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ ബീജിംഗ് സിഡിസിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ലിയു സിയാഫെംഗ് പറഞ്ഞു. വീട്ടിലെ പ്രായമായവരെയും അടിസ്ഥാന രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയും സംരക്ഷിക്കാന്‍ ജനങ്ങളോട് അദേഹം ആവശ്യപ്പെട്ടു. കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ ദിവസം മൂന്ന് പേര്‍ മരിച്ചതായി ചൈന നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.
കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാക്ടറികളും മാളുകളും അടച്ചിടാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം വ്യവസായ സംരഭങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജനജീവിതത്തെയും ഉല്‍പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ചൈനയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം 5600 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോക്ഡൗണില്‍ ഭക്ഷണത്തിനും ആവശ്യമരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല കോവിഡ് ക്ലസ്റ്റര്‍ ആയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നിരവധി ജീവനക്കാരെ ക്വാറന്റൈന്‍ ആക്കി. ഒക്ടോബറിന്റെ തുടക്കത്തില്‍ ചില ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 3,000 ജീവനക്കാരെ ഈ ഫാക്ടറിയില്‍ ക്വാറന്റയിന്‍ ചെയ്തിരുന്നു.
തായ്വാനീസ് ടെക് ഭീമനായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലും ജീവനക്കാര്‍ ദുരിതത്തിലാണ്. ഷെങ്‌ഷോവൂ നഗരത്തിലുള്ള ക്യാമ്പസ്സില്‍ ബയോ ബബിള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ആപ്പിളിന്റെ നിര്‍മാണ പങ്കാളി കൂടിയാണ് ഫോക്സ്‌കോണ്‍. ഭക്ഷണവും മരുന്നും കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫാട്കറിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചിരുന്നു.
Read more
സീറോ-കോവിഡ് നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ ഉയര്‍ന്നുവരുന്ന കോവിഡ് കേസുകള്‍ തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍, വ്യാപക പരിശോധന, ക്വാറന്റൈനുകള്‍ എന്നിവ കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ പുതിയ വകഭേദങ്ങള്‍ വരുന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.