സൈനികനായിരുന്ന പിതാവിന്റെ പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കാന്‍ മകള്‍ മരണ വിവരം പുറം ലോകത്തെ അറിയിക്കാതിരുന്നത് 50 വര്‍ഷം. തായ്‌വാനിലെ തെക്കന്‍ നഗരമായ കയോസിയുങ്ങിലാണ് സംഭവം നടന്നത്. ഏറെ കാലമായി ഇവര്‍ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ചില സംഭവങ്ങളാണ് പിതാവിന്റെ മരണം പുറം ലോകമറിയാന്‍ കാരണമായത്.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള രാസവസ്തുക്കള്‍ തളിക്കാനെത്തിയവരെ സ്ത്രീ വീടിനുള്ളിലേക്ക് കടത്തിയില്ല. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് 60,000 ഡോളര്‍ പിഴയും ചുമത്തിയിരുന്നു. എന്നാല്‍ ഈ സംഭവം വീടിനുള്ളില്‍ സ്ത്രീ എന്തോ ഒളിപ്പിക്കുന്നുവെന്ന സംശയം ജനിപ്പിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
സ്ത്രീയുടെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അധികൃതര്‍ പിതാവിനെ കുറിച്ച് സ്ത്രീയോട് അന്വേഷിച്ചു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ സ്ത്രീയ്ക്ക് സാധിച്ചില്ല. പിതാവ് നഴ്‌സിംഗ് ഹോമിലാണെന്ന് ആദ്യം പറഞ്ഞ സ്ത്രീ പിന്നീട് സഹോദരനൊപ്പം ചൈനയിലേക്ക് പോയെന്നും പറഞ്ഞു.
Read more
തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് ഗാര്‍ബേജ് ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഇവരുടെ പിതാവിന്റെ അസ്ഥികളാണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ത്രീ പെന്‍ഷന് വേണ്ടിയാണ് മരണ വിവരം മറച്ചുവച്ചതെന്ന് സമ്മതിച്ചത്. സ്ത്രീയുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.