പ്രവാചനകനെതിരായ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യയുടെ ഭാഗം പിടിച്ച് നെതര്‍ലന്‍ഡ് നിയമസഭാംഗവും തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവുമായ ഗീര്‍ത് വൈല്‍ഡേഴ്‌സ്. പ്രവാചകനെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ എന്തിനാണ് മാപ്പു പറയുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളുടെ ഭീഷണിക്കു മുന്‍പില്‍ നിങ്ങള്‍ അടിപതറരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘പ്രീണനം ഒരിക്കലും പ്രവര്‍ത്തിക്കില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. അതിനാല്‍ ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ, ഇസ്ലാമിക രാജ്യങ്ങളെ ഭയക്കരുത്. സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുക. നീപൂര്‍ സര്‍മ്മയെ പ്രതിരോധിക്കുന്നതില്‍ അഭിമാനിക്കുകയും ഉറച്ചുനില്‍ക്കുകയും ചെയ്യുക’ ഗീര്‍ത് വൈല്‍ഡേഴ്‌സ് ട്വീറ്റില്‍ പറഞ്ഞു.
അതേസമയം, പ്രവാചകന് എതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ് അയച്ചു. ജൂണ്‍ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം വധഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് നൂപുര്‍ ശര്‍മക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
ഭീഷണി സന്ദേശം ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കുടുംബത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്നും നൂപുര്‍ ശര്‍മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കാര്യം അറിയിച്ച് കൊണ്ട് ബിജെപി പുറത്തുവിട്ട കത്തില്‍ നൂപുറിന്റെ വിലാസം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.