ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സ് കൊല്ലപ്പെട്ടു; വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നടുങ്ങി ഇറാന്‍

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സ് കൊല്ലപ്പെട്ടു. ഇന്നലെ തകര്‍ന്ന കോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായിട്ടില്ല. വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവര്‍ മരിച്ചെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാല്‍പതിലേറെ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.

വടക്കുപടിഞ്ഞാറന്‍ ഇറേനിയന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫ നഗരത്തില്‍ ഇന്നലെ റെയ്‌സിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയന്‍ മാധ്യമങ്ങള്‍ അറിയിച്ചത്.

ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ കോപ്റ്ററില്‍ ഉണ്ടായിരുന്നു. അയല്‍ രാജ്യമായ അസര്‍ബൈജാനിലെ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്‌സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.

ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ ഇറാന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. പ്രസിഡന്റിന്റേയും അദ്ദേഹത്തിനൊപ്പമുള്ളവരുടേയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുവന്നുവെന്നും മോദി എക്സില്‍ കുറിച്ചു.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അവധിക്കാലം വെട്ടിച്ചുരുക്കി അടിയന്തര യോഗത്തിനായി വൈറ്റ് ഹൗസിലേക്ക് മടങ്ങി.