ഭീകരര്‍ക്ക് ഈജിപ്തിന്റെ തിരിച്ചടി ; നിരവധി ഭീകരരെ വധിച്ചു, പള്ളി ആക്രമണത്തിൽ മരണസംഖ്യ 270 ആയി

ഈജിപ്തിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വടക്കന്‍ സിനായില്‍ മുസ്ലീം പള്ളിയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് സൈന്യത്തിന്റെ വ്യോമാക്രമണം. ഉത്തര സിനായിയോട് ചേര്‍ന്ന ഭീകരതാവളങ്ങളില്‍ സേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമര്‍ എല്‍ റെഫായ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐ എസ് ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ഈജിപ്ഷ്യൻ വ്യോമസേന വൻ ആക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രി ബിര്‍ അല്‍ അബെദ് നഗരത്തിലുള്ള അല്‍ റവ്ദ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 270 പേര്‍ കൊല്ലപ്പെട്ടിരുന്നു.109 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിയ്ക്കുള്ളിലേക്ക് ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ ചിതറിയോടിയ വിശ്വാസികള്‍ക്ക് നേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉഗ്ര സ്‌ഫോടനത്തില്‍ മോസ്‌കിന് വലിയ കേടുപാടുണ്ടായി.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസുകൾക്ക് നേരെയും വെടിവയ്പുണ്ടായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സിനായ് പ്രവിശ്യയുടെ തലസ്ഥാനമായ അല്‍ ആരിഷില്‍ നിന്ന് 25 മൈല്‍ അകലെയുള്ള സ്ഥലമാണ് ആക്രമണം നടന്ന ബിര്‍ അല്‍ അബെദ്.

വടക്കന്‍ സിനായില്‍ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിലും വെടിവയ്പിലും നാല്‍പതോളം ഭീകരര്‍ പങ്കെടുത്തതായാണു നിഗമനം. ഇവര്‍ക്കു വേണ്ടി സൈന്യവും പൊലീസും തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.വ്യോമാക്രമണത്തെ തുടര്‍ന്ന് ചിതറിയോടിയ ഭീകരര്‍ക്ക് അഭയം നല്‍കില്ലെന്ന് സമീപ ഗ്രാമവാസികളും വ്യക്തമാക്കിയിട്ടുണ്ട്. കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യമെമ്പാടും സുരക്ഷ കര്‍ശനമാക്കിയതായി ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി പറഞ്ഞു.ഈജിപ്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.