ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളോട് ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ലിങ്കുകള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ചാണ് ട്വിറ്ററിലൂടെ വിവാ ഫ്രേയ് എന്നൊരു ഹാന്‍ഡില്‍ ചോദ്യം ഉയര്‍ത്തിയത്.
‘ദ ഇന്റര്‍സെപ്റ്റി’ന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഇലോണ്‍ മസ്‌കിനോട് വിവാ ചോദ്യമുന്നയിച്ചത്. ‘അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്വിറ്റര്‍ തികച്ചും സെന്‍സര്‍ഷിപ്പിലേക്ക് മാറിയതായി തോന്നുന്നു എന്ന് വിവാ ഫ്രേയ് മസ്‌കിനെ ടാഗ് ചെയ്ത് കുറിച്ചു.
First I’ve heard. It is not possible for me to fix every aspect of Twitter worldwide overnight, while still running Tesla and SpaceX, among other things.
— Mr. Tweet (@elonmusk) January 25, 2023
ട്വീറ്റിനോട് ഇലോണ്‍ മസ്‌ക് തിരിച്ച് പ്രതികരിക്കുകയും ചെയ്തു. ഞാനിത് ആദ്യമായാണ് കേള്‍ക്കുന്നത്. ടെസ്ലയും സ്പേസ് എക്സും നിയന്ത്രിക്കുന്നതിനിടയില്‍ ലോകമെമ്പാടുമായി നടക്കുന്ന ട്വിറ്ററിലെ എല്ലാ വിഷയങ്ങളും ഒറ്റരാത്രികൊണ്ട് പരിഹരിക്കാന്‍ എനിക്ക് സാധ്യമല്ലെന്നും മറുപടിയായി ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
നേരത്തെ, ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവതരിപ്പിച്ച ബിബിസിയുടെ ഡോക്യുമെന്ററിയെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സംഭവത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് രംഗത്തെത്തി. ഹിംസയോട് യോജിക്കാനാകില്ലെന്ന നിലപാട് യു.കെ. നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍മാറ്റമില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ വ്യക്തികളെ ചിത്രീകരിക്കുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും ഋഷി സുനക് പറഞ്ഞു. 2002ലെ കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ഡോക്യുമെന്റിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പാക് വംശജനായ എം.പി ഇമ്രാന്‍ ഹുസൈനാണ് ചോദ്യമുന്നയിച്ചത്. നിലവില്‍ ഇന്ത്യയില്‍ യൂ ട്യൂബ് അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ് ഫോമുകളില്‍ ഡോക്യുമെന്റി ലഭ്യമല്ല.
Read more
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തിയ ബിബിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തി. ‘അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രിയാണിതെന്നും പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.