പഞ്ചാബ് നാഷ്ണല്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യവിട്ട് ഒളിവില്‍ പോയ നീരവ് മോദിയുടെ സഹായിയെ അറസ്റ്റ് ചെയ്തു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഈജിപ്തില്‍ നിന്ന് സിബിഐയാണ് നീരവിന്റെ ഏറ്റവും അടുത്ത സഹായിയായ സുഭാഷ് ശങ്കര്‍ പരാബിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ഇന്ന് ഉച്ചയ്ക്ക് സിബിഐ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും. തട്ടിപ്പിന് ശേഷം 2018 ജനുവരിയോടെ ഇവര്‍ ഇന്ത്യ വിടുകയായിരുന്നു. നീരവിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയും കൂടിയായ സുഭാഷിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. തട്ടിപ്പ് കേസില്‍ സിബിഐ സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തില്‍ നീരവ് മോദിക്കൊപ്പം സഹോദരന്‍ നിഷാല്‍ മോദി, സുഭാഷ് ശങ്കര്‍ പരബ് എന്നിവരെയും ഉള്‍പ്പെടുത്തിയിരുന്നു.
തട്ടിപ്പിനെ തുടര്‍ന്ന് നീരവ് മോദിയുടെ പേരില്‍ ലണ്ടനിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഫ്‌ളാറ്റുകളടക്കമുള്ള വസ്തുവകകള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ 2018 ഓഗസ്റ്റില്‍ നിലവില്‍ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് നിയമം അനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെടുത്തത്.
Read more
ഫയര്‍ സ്റ്റാര്‍ ഡയമണ്ട്സിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്ന സുഭാഷ് ശങ്കറും 2018ലാണ് ഈജിപ്തിലേക്ക് കടന്നത്. തലസ്ഥാനമായ കെയ്റോയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സുഭാഷ്. ഇവിയെ നിന്നും ഇയാളെ ഇന്ന് പുലര്‍ച്ചെയോടെ നാടുകടത്തി മുംബൈയിലെത്തിക്കുകയായിരുന്നു.