'സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി ജനിതക പരിശോധന വരെ'; യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങൾ, അറിയാം

ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങളാണ് യുഎഇയില്‍ വരാനിരിക്കുന്നത്. പുതിയ ട്രാഫിക് സിസ്റ്റം അടക്കം നിരവധി മാറ്റങ്ങൾ യുഎഇയില്‍ അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ഇനി ഇത് കൃത്യമായി പാലിച്ചില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിലും പണി പുറകെ വരും. മാറ്റങ്ങളും പ്രധാന പ്രഖ്യാപനങ്ങളും ഇവയൊക്കെയാണ്.

യുഎഇയിലെ അജ്മാനിൽ എഐ പിന്തുണയുള്ള പുതിയ ട്രാഫിക് സിസ്റ്റം വരുമെന്നതാണ് ഒന്നാമത്തെ മാറ്റം. അജ്മാൻ പൊലീസ് മൊബൈൽ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനവും കണ്ടുപിടിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രാഫിക് നിരീക്ഷണ സംവിധാനം നടപ്പിലാക്കും. രണ്ടാമതായി ശ്രീലങ്കയിലേക്ക് വിസ ആവശ്യമില്ലാതെ പ്രവേശനം ലഭിക്കുന്നു എന്നതാണ്. അതായത് ശ്രീലങ്കയിൽ യുഎഇ ഉൾപ്പെടെ 35 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശന സൗകര്യം ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കും.

ക്രിപ്‌റ്റോ കറൻസിക്ക് കൂടുതൽ കടുത്ത മാർക്കറ്റിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദുബൈയിലെ വെർച്വൽ ആസറ്റ് റഗുലേറ്ററി അതോറിറ്റി പുതിയ മാർക്കറ്റിംഗ് മാർഗനിർദേശങ്ങൾ അവതരിപ്പിക്കും. ഉപഭോക്തൃ സംരക്ഷണത്തിനും സുതാര്യതക്കും പ്രാധാന്യം നൽകും. അതേസമയം സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് ഏർപ്പെടുത്തും.”പിങ്ക് കരവാൻ” പദ്ധതി വഴി ലോകത്തെ “ബ്രെസ്റ്റ് ക്യാൻസർ പ്രതിരോധ മാസം” ആചരിക്കുന്നതിന്റെ ഭാഗമായി സൗജന്യ സ്‌ക്രീനിംഗും ബോധവൽക്കരണ പരിപാടികളും രാജ്യവ്യാപകമായി സംഘടിപ്പിക്കും.

ദുബൈ സഫാരി പാർക്ക് വീണ്ടും തുറക്കുന്നതാണ് മറ്റൊരു സവിശേഷത. പുതിയ നവീകരണങ്ങളോടുകൂടി ദുബൈ സഫാരി പാർക്ക് ഒക്ടോബർ 1-ന് വീണ്ടും സന്ദർശകരെ സ്വാഗതം ചെയ്യും. 3,000 മൃഗങ്ങൾ ഉൾപ്പെടെ വിവിധ വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളെ പ്രദർശിപ്പിക്കുന്നതിനായി എത്തിച്ചിട്ടുണ്ട്. ജനിതക പരിശോധനയാണ് മറ്റൊന്ന്. ഒക്ടോബര്‍ 1 മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read more