വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരെ കല്‍പ്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ പുനരധിവസിക്കും. ആദ്യ ടൗണ്‍ഷിപ്പ് നിര്‍മ്മാണം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പിനായ തിരഞ്ഞെടുത്ത നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലത്തേക്ക് ഒഴിവാക്കാനാണ് തീരുമാനം.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റും നെടുമ്പാല എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി നേരത്തെ തിരഞ്ഞെടുത്തിരുന്നത്. ഗുണഭോക്താക്കളുടെ എണ്ണവും പശ്ചാത്തല സൗകര്യവും കണക്കിലെടുത്താണ് നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലത്തേക്ക് ഒഴിവാക്കാനുള്ള തീരുമാനം. അതേസമയം എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും.
Read more
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58 ഹെക്ടറിലാണ് ആദ്യ ടൗണ്‍ഷിപ്പ് നിര്‍മിക്കുക. മാര്‍ച്ചില്‍ ഇതിന് തറക്കല്ലിടും. 813 കുടുംബങ്ങളെയാണ് ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. ഇതില്‍ 242 പേരുടെ ഗുണഭോക്ത്യ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയത്. ദുരന്തമേഖലയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരേയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ടൗണ്‍ഷിപ്പില്‍ നിന്ന് പുറത്തുപോകുന്നവരെയും പരിഗണിച്ചാണ് അന്തിമ പട്ടിക.