ഹമാസിനെ പൂര്‍ണമായും കീഴടക്കി; ഗാസ പിടിച്ചടക്കി; യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രഖ്യാപനവുമായി ഇസ്രയേല്‍

പാലസ്തീനിലെ ഹമാസിന്റെ സായുധസേന വിഭാഗം തങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഇസ്രയേല്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്നലെ രാത്രി മുതല്‍ വടക്കന്‍ ഗാസയിലും തെക്കന്‍ ബെയ്റൂട്ടിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഗാസ മുനമ്ബില്‍ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മോസ്‌കിനു നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ദെയ്ര്‍ അല്‍-ബലാഹിലെ പ്രധാന ആശുപത്രിക്ക് സമീപമുള്ള മോസ്‌കിനു നേര്‍ക്കായിരുന്നു ആക്രമണം.

യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവര്‍ കഴിഞ്ഞിരുന്ന അഭയകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ദെയ്ര്‍ അല്‍-ബലാഹിലെ ടൗണിലെ അഭയകേന്ദ്രമായ സ്‌കൂളിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്ക് നേര്‍ക്കാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ പറയുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.

തെക്കന്‍ ബെയ്‌റൂട്ടില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ള മേഖലകള്‍ തകര്‍ത്തു. ഹിസ്ബുല്ലയുടെ ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഹിസ്ബുല്ല കമാന്‍ഡര്‍ ഖാദര്‍ അലി താവിലിനെ വധിച്ചെന്ന സൈന്യത്തിന്റെ പ്രഖ്യാപനത്തില്‍ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ തുറമുഖ നഗരമായ ഹൈഫ തകര്‍ന്നു. പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ മധ്യമേഖല ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സിറിയന്‍ പ്രതിരോധമന്ത്രാലയവും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഹമാസ് സായുധസംഘം ഇസ്രയേലിലേക്ക് കടന്നുകയറി മിന്നലാക്രമണം നടത്തുകയും ആയിരത്തിലേറെപ്പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. അതിന് ശേഷം ഇസ്രയേല്‍ തുടങ്ങിയ പ്രതികാരയുദ്ധം ഇന്നും രൂക്ഷമായി തുടരുന്നു.

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ വീണ്ടും കര, വ്യോമ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ തയാറെടുക്കുകയാണ്. പ്രദേശത്ത് ടാങ്കുകള്‍ നീങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ജബാലിയ വളഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
തങ്ങള്‍ യുദ്ധത്തിന്റെ പുതിയ ഘട്ടത്തിലാണെന്നും ഈ പ്രദേശങ്ങള്‍ അപകടമേഖലയാണെന്നും സൈന്യം ഇവിടെ വിതറിയ നോട്ടീസില്‍ പറയുന്നു. വടക്കന്‍ ഗാസയിലുടനീളം കനത്ത ആക്രമണം നടക്കുന്നതായാണു പലസ്തീന്‍ നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും ബോംബ് ആക്രമണത്തില്‍ തകര്‍ന്നു. ജബാലിയയിലെ വീടിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ തന്റെ മാതാപിതാക്കളടക്കം 12ഓളം കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ നിവാസി ഇമാദ് അലരബിദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.