അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പേര്‍ അണിനിരന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം. വൈറ്റ് ഹൗസിലേക്ക് എത്തിയതിന് പിന്നാലെയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിഭജന അജണ്ടകളിലാണ് അമേരിക്കക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള ഭിന്നിപ്പിക്കുന്ന നയങ്ങളെ എതിര്‍ത്ത് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ശനിയാഴ്ച യുഎസിലെ പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ അണിനിരന്നു. ട്രംപ് ജനുവരിയില്‍ വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ശക്തി പ്രകടനമായാണ് ഈ പ്രതിഷേധറാലികള്‍ വിലയിരുത്തപ്പെടുന്നത്.
ട്രംപിനും അദ്ദേഹത്തിന്റെ ആക്രമണോല്‍സുക വ്യാപാര നയങ്ങള്‍ക്കും എതിരെ ചില യൂറോപ്യന്‍ തലസ്ഥാനങ്ങളല്‍ പോലും പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടുള്ള റാലികള്‍ നടന്നു. വ്യാപാരനയം മാത്രമല്ല യുഎസ് ഫെഡറല്‍ സര്‍വ്വീസില്‍ ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും ചേര്‍ന്ന് നടത്തിയ കടുത്ത നടപടികളും ഭീഷണികളും സര്‍ക്കാര്‍ ജീവനക്കാരേയും ചൊടിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളെ എതിര്‍ക്കുന്നവരെല്ലാം തെരിവുകളിലേക്ക് പ്രതിഷേധവുമായി കടുത്ത ഭാഷയില്‍ മുദ്രാവാക്യം വിളിച്ചാണ് ഇറങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ മുതല്‍ വ്യാപാര താരിഫ് കുറയ്ക്കല്‍ വരെ ട്രംപിന്റെ ഏകാധിപത്യ പ്രവണത അമേരിക്കക്കാരുടെ വിമര്‍ശനത്തിന് ഇടയാക്കി കഴിഞ്ഞു. വ്യാപാര നയം വഴി ലോകത്തിന് മുന്നിലും ധാര്‍ഷ്ട്യം കാണിച്ച പ്രസിഡന്റ് ട്രംപ് തങ്ങളുടെ സഖ്യകക്ഷികളെ വരെ വെറുപ്പിച്ചുവെന്നാണ് അമേരിക്കയിലെ പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
പൗരസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ട്രംപിന്റെ നടപടികള്‍ക്കെതിരെ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഫ്‌ലോറിഡ, കൊളറാഡോ, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി 5 ലക്ഷത്തിലധികം പേരാണ് പ്രസിഡന്റിനെതിരെ തെരുവിലിറങ്ങിയത്. വൈറ്റ് ഹൗസിലെത്തി 4 മാസം പിന്നിടും മുമ്പാണ് ട്രംപ് ഭരണത്തിനെതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നത്. അവര്‍ നമ്മുടെ സര്‍ക്കാരിനെ തകര്‍ക്കുകയാണെന്നാണ് ജനം പറയുന്നത്.
അയാള്‍ ഭ്രാന്തനാണെന്നും ട്രംപ് ഡമ്പ് എന്നും അമേരിക്കയ്ക്ക് രാജാവില്ലെന്നും അടക്കം പ്ലക്കാര്‍ഡുകളുമായാണ് അമേരിക്കന്‍ ജനത തെരുവിലിറങ്ങിയത്. ഇലോണ്‍ മസ്‌കിനെ ഡീപോര്‍ട്ട് ചെയ്യണമെന്നും ഞങ്ങളാരും അയാള്‍ക്ക് വോട്ട് ചെയ്തിട്ടില്ലെന്നും പ്ലക്കാര്‍ഡുകളിലുണ്ട്. ലോസ് ഏഞ്ചല്‍സില്‍, ‘ദി ഹാന്‍ഡ്മെയ്ഡ്സ് ടെയില്‍’ എന്ന ഡിസ്റ്റോപ്പിയന്‍ നോവലിലെ കഥാപാത്രമായി വേഷം ധരിച്ച ഒരു സ്ത്രീ, ട്രംപിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ നയങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ‘എന്റെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തുകടക്കുക’ എന്ന സന്ദേശമുള്ള ഒരു വലിയ പ്ലക്കാര്‍ഡു ഉയര്‍ത്തിക്കാട്ടി. പ്രമാണിമാരായ ഒരു കൂട്ടം വെളുത്തവര്‍ഗക്കാരായ റേപ്പിസ്റ്റുകളാണ് നമ്മുടെ രാജ്യം നിയന്ത്രിക്കുന്നതെന്നും ഇത് അത്ര നല്ലതല്ലെന്നും മാന്‍ഹട്ടന്റെ ഹൃദയഭാഗത്ത് പ്രതിഷേധിച്ച ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് ന്യൂയോര്‍ക്ക് ചിത്രകാരിയായ ഷൈന കെസ്‌നര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള നമ്മുടെ സഖ്യകക്ഷികളെ നമുക്കെതിരെയാക്കുകയും ഇവിടെ സ്വന്തം നാട്ടിലുള്ളവര്‍ക്ക് നാശം വിതയ്ക്കുകയും ചെയ്യുന്ന ഈ ക്രൂരമായ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ ന്യൂ ഹാംഷെയറില്‍ നിന്ന് ബസ്സിലും വാനിലുമാണ് എത്തിയതെന്നും ഒരാള്‍ പ്രതികരിച്ചു.
ഇത് സാമ്പത്തിക ഭ്രാന്താണ്… അവന്‍ നമ്മളെ ഒരു ആഗോള മാന്ദ്യത്തിലേക്ക് തള്ളിവിടാന്‍ പോകുന്നുവെന്നാണ് ജനക്കൂട്ടം ട്രംപിന്റെ വ്യാപാരനയത്തെ കുറിച്ച് പ്രതികരിച്ചത്. ഇടതുപക്ഷ ചായ്വുള്ള ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച ‘ഹാന്‍ഡ്സ് ഓഫ്’ പ്രതിഷേധങ്ങളില്‍ ട്രംപിന്റെ ‘സ്വേച്ഛാധിപത്യ അതിരുകടന്നതും ശതകോടീശ്വരന്മാരുടെ പിന്തുണയുള്ളതുമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. പ്രതിഷേധം കനക്കുമ്പോഴും എന്റെ നയത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.
Duluth, Minnesota…2,500 gathered to say #HandsOff pic.twitter.com/vaqIIFQr14
— Dushan Skorich🗓📺📊 (@dukeduluth) April 5, 2025
Read more