അവസാന ചീട്ടിറക്കി ഇമ്രാന്‍; അവിശ്വാസ പ്രമേയം അനുവദിച്ചില്ല, സഭയില്‍ ബഹളവുമായി പ്രതിപക്ഷം

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് എതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കാന്‍ ആകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനം. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ തന്നെ പ്രധാനമന്ത്രിയായി തുടരും.വോട്ടെടുപ്പിന് അനുമതി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. നാടകീയ രംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. തുടര്‍ന്ന് സ്പീക്കര്‍ ഇറങ്ങിപ്പോവുകയും ദേശീയ അസംബ്ലി പിരിയുകയും ചെയ്തു.

അതേസമയം, അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരുന്നതിനെ തുടര്‍ന്ന് പാക് ജനതയോട് ഇമ്രാന്‍ ഖാന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. സമാധാനപരമായി തെരുവിലിറങ്ങി പ്രതിഷേധിക്കാനാണ് ഇമ്രാന്‍ ഖാന്‍ ജനതയോട് ആഹ്വാനം ചെയ്തത്. പാകിസ്ഥാനിലെ ഭരണം അട്ടിമറിക്കാന്‍ വിദേശ ഗൂഢാലോചന നടക്കുന്നുവെന്നും അതിനെതിരെ പ്രതിഷേധിക്കണം എന്നുമായിരുന്നു ആഹ്വാനം.

ഷഹബാസ് ഷരീഫാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് സഹോദരന്‍ നവാസ് ഷരീഫ് പുറത്താക്കപ്പെട്ടതോടെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്- എന്‍ വിഭാഗത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയാണ് ഷഹബാസ് ഷരീഫ്.