ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ഇന്ത്യയെ പുകഴ്ത്തി പാക്കിസ്ഥാന്‍ പാര്‍ലമെന്റ് അംഗം. ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ നമ്മുടെ കുട്ടികള്‍ ഓവുചാലിലും കുഴികളിലും വീണു മരിക്കുകയാണെന്നാണ് മുത്താഹിദ ക്വാമി മൂവ്മെന്റ്- പാകിസ്താന്‍ (എം.ക്യു.എം.-പി) നേതാവ് സയ്യിദ് മുസ്തഫ കമാല്‍ പറഞ്ഞത്.

പത്തുവര്‍ഷത്തിനിടെ ഇന്ത്യയിലെ നേട്ടങ്ങളും പാക്കിസ്ഥാന്റെ വീഴ്ച്ചക്കളും എണ്ണിപ്പറഞ്ഞ പ്രസംഗത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ ലയിക്കണമെന്ന ആവശ്യം സജീവമാകുമ്പോഴാണ് സയ്യിദ് മുസ്തഫ കമാല്‍ എം.പിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

ലോകം ചന്ദ്രനിലേക്ക് പോകുമ്പോള്‍, കറാച്ചിയില്‍ കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു. ഇന്ത്യ ചന്ദ്രനില്‍ ഇറങ്ങിയെന്ന വാര്‍ത്ത കണ്ട അതേ സ്‌ക്രീനില്‍ രണ്ടു സെക്കന്‍ഡിനു പിന്നാലെ കറാച്ചിയിലെ തുറന്ന ഓവുചാലില്‍ വീണു ഒരു കുട്ടി മരിച്ചതായ വാര്‍ത്ത വന്നുവെന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് അദേഹം പറഞ്ഞു.

പാകിസ്താനിലാകെ 2.6 കോടി കുട്ടികളും സ്‌കൂളില്‍ പോകാന്‍ കഴിയാത്തവരാണ്. കറാച്ചി പാകിസ്താന്റെ വരുമാന എന്‍ജിനാണ്. പാകിസ്താന്റെ രൂപീകരണം മുതല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് തുറമുഖങ്ങള്‍ കറാച്ചിയിലാണ്. മുഴുവന്‍ പാകിസ്താനിലേക്കും മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള കവാടമാണ് കറാച്ചി. 15 വര്‍ഷമായി കറാച്ചിയില്‍ ഒരു തുള്ളി ശുദ്ധജലമില്ല. വന്ന വെള്ളംപോലും ടാങ്കര്‍ മാഫിയ പൂഴ്ത്തിവച്ചു വിറ്റുവെന്ന് കമാല്‍ ആരോപിച്ചു.