'ആ സ്‌ഫോടനം നടത്തിയത് ഞങ്ങള്‍'; ഇറാനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്; ഇതുവരെ മരിച്ചത് 103 പേര്‍, 200 പേര്‍ക്ക് പരിക്ക്

ഇറാനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്്. 103 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടനങ്ങള്‍ നടത്തിയത് തങ്ങളാണെന്ന് ടെലിഗ്രാം ചാനലിലൂടെയാണ് ഐ.എസ് അവകാശപ്പെട്ടത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍ വെച്ച് പൊട്ടിച്ചത്. ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 103 പേര്‍ മരിക്കുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കിര്‍മാന്‍ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോഴാണ് ഭീകരര്‍ റിമോര്‍ട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്.

തെഹ്റാനില്‍നിന്ന് 820 കിലോമീറ്റര്‍ അകലെ കെര്‍മാനില്‍ പ്രാദേശിക സമയം ബുധന്‍ ഉച്ചയോടെയായിരുന്നു ആക്രമണം. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ വിദഗ്ധ സംഘമായ ഖുദ്സ് ഫോഴ്സിന്റെ ജനറലായിരുന്ന ഖാസ്സെം സൊലൈമാനിയെ 2020 ജനുവരിയില്‍ ഇറാഖില്‍വച്ച് അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് വധിച്ചത്.

അമേരിക്ക 2003ല്‍ ഇറാഖ് അധിനിവേശം തുടങ്ങിയതുമുതലാണ് ഖാസ്സെം സൊലൈമാനി അമേരിക്കയുടെ കണ്ണിലെ കരടാകുന്നത്. പ്രാദേശിക സംഘങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യത്തെ ചെറുക്കാന്‍ ആയുധം നല്‍കി. ഇതോടെ, ഖാസ്സെമിനെ വധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചത്തേത് തീവ്രവാദി ആക്രമണമാണെന്ന് കെര്‍മാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ റഹ്മാന്‍ ജലാലി പറഞ്ഞു.