വൈറ്റ് ഹൗസിൽ തിരിച്ചെത്തി ജോ ബൈഡൻ, നടത്തിയ പ്രതികരണം ഇങ്ങനെ; പിന്മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാത്രം ഉത്തരമില്ല

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. താൻ തന്നെ മത്സരത്തിൽ തുടരുമെന്ന് അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഇതിനിടയിൽ കോവിഡ് പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ അമേരിക്കൻ പ്രസിഡന്റ് ഫലം നെഗറ്റീവ് ആയതിന് ശേഷം വൈറ്റ് ഹോക്‌സിൽ തിരിച്ചെത്തിയിരിക്കുകയാണ്. സുഖമായിരിക്കുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.

പിന്മാറ്റ സമയത്ത് അദ്ദേഹം അടുത്ത പ്രസിഡന്റ് സ്ഥാനാർഥി ആയി കമല ഹാരിസിന്റെ പേരാണ് നിർദേശിച്ചത്. ട്രംപിന് മികച്ച മത്സരം നല്കാൻ കമലക്ക് സാധിക്കുമെന്നും വിലയിരുത്തലുണ്ട്. കൂടാതെ 24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വന്നത് റെക്കോഡ് തുകയെന്ന് റിപ്പോർട്ട്. 2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെയാണ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വൻ പണമൊഴുക്ക് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മാത്രം 24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്ന റെക്കോർഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നത്.

ജോ ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി ജോ ബൈഡന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പാർട്ടിയിലേക്കുള്ള പണമൊഴുക്ക്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നൽകാൻ മടിച്ചവർ അടക്കം പണം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.