ഇറ്റലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ തകര്‍ത്തു; അക്രമം നടത്തിയത് ഖലിസ്ഥാന്‍വാദികള്‍; രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

ഇറ്റലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ അടിച്ചു തകര്‍ത്തു. തെക്കന്‍ ഇറ്റലിയിലെ ബ്രിണ്ടിസി എന്ന പട്ടണത്തിലാണ് സംഭവം.

ജി7 ഉച്ചകോടിക്കായി നാളെ മോദി ഇറ്റലിയിലെത്തുമ്പോള്‍ അനാച്ഛാദനം ചെയ്യാന വേണ്ടി നിര്‍മിച്ച പ്രതിമയായിരുന്നു. പ്രതിമയോടൊപ്പം ഉണ്ടായിരുന്ന സ്തൂപങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും പ്രതിമയില്‍ എഴുതിയിരുന്നു.

വിഷയം ബന്ധപ്പെട്ട ഇറ്റാലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു.

മഹാത്മഗാന്ധിയുടെ തലയടക്കം അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാനഡ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ വാദികള്‍ക്ക് ഒത്താശ ചെയ്യുന്നത് നിര്‍ത്തണമെന്നും ഇന്ത്യ ആശ്യപ്പെട്ടിട്ടുണ്ട്.