വരുമാനം കുറഞ്ഞു; 11,000 ജീവനക്കാരെ പിരിച്ചു വിട്ട് ഫെയ്‌സ്ബുക്ക്

11000 ജീവനക്കാരെ പിരിച്ചുവിട്ട് ഫെയ്സ്ബുക്ക് മാതൃസ്ഥാപനം മെറ്റ. 13 ശതമാനം ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടിരിക്കുന്നത്. വരുമാനം കുറഞ്ഞെന്നും അതോടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിടുന്നതെന്നും മെറ്റാ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററില്‍ വ്യാപകമായ പിരിച്ചുവിടലുകള്‍ നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റയിലും ഈ നടപടിയുണ്ടായിരിക്കുന്നത്. വരുമാനത്തില്‍ ഉണ്ടായ ഇടിവും പരസ്യ വരുമാനം ഇടിഞ്ഞതുമാണ് ജീവനക്കാരെ പിരിച്ചു വിടാന്‍ കാരണമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നഷ്ടപ്പെട്ടത് മെറ്റയുടെ ദുരിതങ്ങള്‍ക്ക് വലിയൊരു കാരണമായി. തുടര്‍ന്ന്, ഈ സാമ്പത്തിക വര്‍ഷം ആദ്യം മെറ്റ ചരിത്രത്തിലെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് രേഖപ്പെടുത്തി.

2004-ല്‍ ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചിലവ് ചുരുക്കല്‍ നടപടിയാണ് ഇത്. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്തിയ വ്യത്യാസം മെറ്റയുടെ വരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാന്‍ മെറ്റാ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചേക്കും.