മ്യാൻമറിൽ ഭരണത്തിൽ നിന്നും പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂകിയെ നാല് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതായി സർക്കാർ വക്താവ് അറിയിച്ചു. സൈന്യത്തിനെതിരായ നീക്കത്തിനും കൊവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് ശിക്ഷ. നൊബേൽ സമ്മാന ജേതാവായ ഓങ് സാൻ സൂകിയെ പതിറ്റാണ്ടോളം തടവിലാക്കിയേക്കാവുന്ന ശിക്ഷാ പരമ്പരകളിൽ ആദ്യത്തേതാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
ഫെബ്രുവരി 1 നാണ് പട്ടാള ജനറൽമാർ അട്ടിമറിയിലൂടെ ഓങ് സാൻ സൂകി സർക്കാരിനെ പുറത്താക്കിയത്. മ്യാൻമറിന്റെ ഹ്രസ്വകാല ജനാധിപത്യത്തിന് വിരാമമിട്ട അന്ന് മുതൽ 76 കാരിയായ ഓങ് സാൻ സൂകി തടങ്കലിലായിരുന്നു.
ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കൽ, അഴിമതി, തിരഞ്ഞെടുപ്പ് വഞ്ചന എന്നിവയുൾപ്പെടെ നിരവധി ആരോപണങ്ങൾ ഓങ് സാൻ സൂകി നേരിടുന്നുണ്ട്. എല്ലാ ആരോപണങ്ങളിലും ഓങ് സാൻ സൂകി കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ പതിറ്റാണ്ടുകൾ ജയിലിൽ കിടക്കേണ്ടി വരും.
സൂകിയെ സൈന്യത്തിനെതിരായ നീക്കത്തിന് രണ്ട് വർഷവും കോവിഡുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്ത നിയമം ലംഘിച്ചതിന് രണ്ട് വർഷവും ശിക്ഷിച്ചതായി പട്ടാള ഭരണകൂടത്തിന്റെ വക്താവ് സോ മിൻ ടുൺ പറഞ്ഞു. മുൻ പ്രസിഡന്റ് വിൻ മ്യിന്റുവിനും ഇതേ കുറ്റങ്ങൾക്ക് തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്, എന്നാൽ അവരെ ഇതുവരെ ജയിലിലേക്ക് കൊണ്ടുപോയിട്ടില്ലെന്നും സോ മിൻ ടുൺ പറഞ്ഞു.
അട്ടിമറിക്ക് തൊട്ടുപിന്നാലെ ഓങ് സാൻ സൂകി നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി ജനറൽമാർ ഭരണം ഏറ്റെടുത്തതിനെ അപലപിച്ച്‌കൊണ്ട് പ്രസിദ്ധീകരിച്ച പ്രസ്താവനകളുമായി ബന്ധപ്പെട്ടാണ് സൈന്യത്തിനെതിരായ പ്രേരണാ കുറ്റം ചുമത്തിയിരിക്കുന്നത്.
എൻഎൽഡി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് കൊവിഡ് നിയമ ലംഘനത്തിനുള്ള ശിക്ഷ. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
നയ്പിഡോയിലെ പ്രത്യേക കോടതി വിചാരണയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു, മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് ഓങ് സാൻ സൂകിയുടെ അഭിഭാഷകരെ അടുത്തിടെ വിലക്കിയിരുന്നു.
Read more
കഴിഞ്ഞ ആഴ്ചകളിൽ, എൻഎൽഡിയിലെ മറ്റ് മുതിർന്ന അംഗങ്ങൾക്ക് നീണ്ട ശിക്ഷകൾ ലഭിച്ചു. ഈ മാസം ഒരു മുൻ മുഖ്യമന്ത്രിക്ക് 75 വർഷം തടവും സൂകിയുടെ അടുത്ത സഹായിയെ 20 വർഷവും തടവിന് ശിക്ഷിച്ചു.