ചൈനക്കാരുമായി സെക്‌സും വേണ്ട, പ്രണയബന്ധവും വേണ്ട; ചൈനയിലെ അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റുമുള്ള ഉദ്യോഗസ്ഥരും ചൈനീസ് പൗരന്മാരും തമ്മിലുള്ള പ്രണയ- ലൈംഗിക ബന്ധങ്ങള്‍ക്കാണ് യുഎസ് സര്‍ക്കാരിന്റെ വിലക്ക്. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും, സുരക്ഷാ ക്ലിയറന്‍സ് കിട്ടിയിട്ടുള്ള കരാറുകാര്‍ക്കുമെല്ലാം ബാധകമായ മാര്‍ഗ നിര്‍ദേശം ചൈനയിലെ യുഎസ് അമ്പാസിഡറായിരുന്ന നിക്കോളാസ് ബേണ്‍സ് അവിടെ നിന്ന് തിരികെ എത്തുന്നതിന് മുമ്പ് അവതരിപ്പിച്ചിരുന്നതായി അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയിലെ സര്‍ക്കാര്‍ ജീവനക്കാരുമായി മാത്രമല്ല ചൈനീസ് പൗരന്മാരാരുമായി തന്നേയും പ്രണയബന്ധം പാടില്ലെന്ന നിരോധനാജ്ഞയാണ് യുഎസ് ഭരണകൂടത്തിന്റെ പുതിയ നയം. ചാരവൃത്തി സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ചൈനീസ് പൗരന്മാരുമായി പ്രണയബന്ധമോ സെക്‌സോ പാടില്ലെന്ന് യുഎസ് തിട്ടൂരമിറക്കിയത്. യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഒപ്പം യുഎസ് സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കരാറുകളില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ഈ വിലക്ക് പാലിക്കേണ്ടതുണ്ട്.

ബെയ്ജിംഗിലെ എംബസി, ഗ്വാങ്ഷൂ, ഷാങ്ഹായ്, ഷെന്‍യാങ്, വുഹാന്‍, ഹോങ്കോംഗ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ ഉള്‍പ്പെടെ ചൈനയിലെ എല്ലാ യുഎസ് ദൗത്യങ്ങളിലുള്ള ജീവനക്കാര്‍ക്കും യുഎസ് നയം പ്രകാരമുള്ള നിരോധനം ബാധകമാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരും ചൈനീസ് പൗരന്മാരും തമ്മിലുള്ള പ്രണയപരമോ ലൈംഗികമോ ആയ ബന്ധങ്ങളെ നിരോധിക്കുന്ന നയം ജനുവരിയില്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

ചൈനയ്ക്ക് പുറത്ത് വിന്യസിച്ചിരിക്കുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ല. കൂടാതെ ചൈനീസ് പൗരന്മാരുമായി മുന്‍കാല ബന്ധമുള്ളവര്‍ക്ക് ഇളവിന് അപേക്ഷിക്കാമെന്നും നയം വ്യക്തമാക്കുന്നു. എന്നിരുന്നാലും ഏതെങ്കിലും തരത്തില്‍ അപേക്ഷ തള്ളിപ്പോയാല്‍ ബന്ധം അവസാനിപ്പിക്കാനോ അവരുടെ ജോലി ഉപേക്ഷിക്കാനോ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പുമുണ്ട്.

പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയില്‍ യുഎസ് ഉദ്യോഗസ്ഥ വൃന്തത്തിനുള്ളില്‍ അറിയിച്ച ഈ നയം, അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ എടുത്തുകാണിക്കുന്നുണ്ട്. വ്യാപാരം, സാങ്കേതികവിദ്യ, ആഗോള സ്വാധീനം എന്നിവയെച്ചൊല്ലി നിലനില്‍ക്കുന്ന ശീത തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇത്തരത്തിലൊരു വിലക്ക് യുഎസ് നയമാകുന്നത്.

നേരത്തേയും സോവിയറ്റ് നിയന്ത്രിത പ്രദേശങ്ങളിലും ചൈനയിലും യുഎസ് ഉദ്യോഗസ്ഥര്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. ശീതയുദ്ധ കാലഘട്ടത്തിലേക്ക് തിരികെ പോകുന്ന ഒരു സുപ്രധാന മാറ്റമായാണ് പുതിയ നിരോധനത്തെ ലോകം കാണുന്നത്. ആ സമയങ്ങളില്‍ ചാരവൃത്തി തടയുന്നതിനും വ്യക്തിബന്ധങ്ങളിലൂടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോര്‍ന്നുപോവുകയോ സുരക്ഷ വിവരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനുമായാണ് യുഎസ് സര്‍ക്കാര്‍ നയതന്ത്രജ്ഞര്‍ക്ക് മേല്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.