കാമുകനെ രക്ഷിക്കാനുള്ള മകളുടെ ശ്രമത്തിനിടെ പിതാവ് മൂന്നാംനിലയില്‍ നിന്നും വീണു മരിച്ചു; കാമുകനും മകളും ഒളിവില്‍

മകളുടെ മുറിയില്‍ കാമുകനെ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ പിതാവ് മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. കാമുകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിതാവിനെ തള്ളിയിട്ടതാകാമെന്ന സംശയത്തില്‍ ഇരുവരുടെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. നോയിഡയിലെ വിശ്വനാഥ് സാഹുവാണ് മരിച്ചത്.

വിശ്വനാഥ് സാഹുവും ഭാര്യയും മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇടയ്ക്ക് ഉണര്‍ന്ന സാഹു മകള്‍ പൂജയുടെ മുറിയില്‍ ശബ്ദം കേട്ടു ചെന്നു. അയല്‍വാസിയും മകളുടെ കാമുകനുമായ ധര്‍മേന്ദ്രയെ മുറിയില്‍ കണ്ടപ്പോള്‍ മൂവരും തമ്മില്‍ തര്‍ക്കമായി. അതിനിടയില്‍ നിലതെറ്റി മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വിശ്വനാഥിന്റെ നിലവിളി കേട്ടാണ് ഭാര്യ ഉണര്‍ന്നത്. ഗുരുതരമായി പരിക്കേറ്റ സാഹുവിനെ സഫ്ദാര്‍ ജങ് ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ വെച്ചാണ് വിശ്വനാഥ് സാഹു മരിച്ചത്. സാഹുവിന്റെ മകളും കാമുകനും ഒളിവിലാണ്. സ്റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.