പാകിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ ഉടൻ തന്നെ ആർമി ആക്ടിൽ മാറ്റം വരുത്തും. ഇത് ചെയ്താൽ, ചാരവൃത്തി ആരോപിച്ചുള്ള ശിക്ഷക്കെതിരെ കുൽഭൂഷൻ ജാദവിന് സിവിലിയൻ കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കും. പാകിസ്ഥാൻ സർക്കാർ കരസേന നിയമത്തിൽ ഭേദഗതികൾ വരുത്തുമെന്നും കുൽബാഷൻ ജാദവിന് സിവിലിയൻ കോടതിയിൽ ശിക്ഷിക്കപ്പെടുന്നതിനെതിരെ അപ്പീൽ നൽകാൻ അനുവദിക്കുമെന്നും ചില വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ ടി.വി റിപ്പോർട്ട് ചെയ്തു.
ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി 2017 ൽ കുൽഭൂഷൻ ജാദവിനെ പാകിസ്ഥാനിലെ സൈനിക കോടതി ശിക്ഷിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. പാകിസ്ഥാൻ ആർമി ഉദ്യോഗസ്ഥർ അടങ്ങുന്ന സൈനിക കോടതിയായ ഫീൽഡ് ജനറൽ കോടതി മാർഷൽ (എഫ്ജിസിഎം) ആണ് ശിക്ഷ വിധിച്ചത് (എഫ്ജിസിഎമ്മിലെ ജഡ്ജിമാർക്ക് നിയമത്തിൽ ബിരുദം ആവശ്യമില്ല).
2016 മാർച്ച് 3- നാണ് കുൽഭൂഷൻ ജാദവിനെ ബലൂചിസ്ഥാനിൽ നിന്ന് സുരക്ഷാ സേന അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. ഈ ആരോപണങ്ങൾ ഇന്ത്യ നിരസിക്കുകയും അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവ് ഒരു ബിസിനസ് യാത്രയിൽ ഇറാനിലായിരിക്കുമ്പോൾ പാകിസ്ഥാൻ സുരക്ഷാസേന തട്ടിക്കൊണ്ടു പോയതാണെന്നാണ് ഇന്ത്യ പറയുന്നത്.
Read more
കുൽഭൂഷൻ ജാദവിന് ഒരു ഇന്ത്യൻ അഭിഭാഷകന്റെ സേവനം അനുവദിക്കാത്തതിലൂടെ വിയന്ന കൺവെൻഷനു കീഴിൽ ഉള്ള ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചുവെന്ന് ഈ വർഷം ജൂലൈയിൽ, ഹേഗിലെ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് (ഐസിജെ) അഭിപ്രായപ്പെട്ടു. അഭിഭാഷകന്റെ സേവനം ഉൾപ്പെടെ ഉചിതമായ പരിഹാരങ്ങൾ ചെയ്യണമെന്ന് കോടതി പാകിസ്ഥാനോട് നിർദ്ദേശിച്ചിരുന്നു.