ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; വത്തിക്കാനുമായി സുദൃഢമായ ബന്ധമാണുള്ളതെന്ന് നരേന്ദ്രമോദി

ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സിസ് മാര്‍പാപ്പയെ അദേഹം ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.
ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിലാണു മാര്‍പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിനു മോദി ക്ഷണിച്ചത്.

ജി 7 ഉച്ചകോടിയുടെ ഭാഗമായി മാര്‍പാപ്പയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതല്‍ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ ആദരിക്കുന്നതായും മോദി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്‌സില്‍ കുറിച്ചു.

Read more

ഉച്ചകോടിയില്‍ നിര്‍മിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തു സംസാരിച്ചു. നയതന്ത്രബന്ധം തുടങ്ങിയ 1948 മുതല്‍ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.