ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചാഴ്ചക്കുശേഷം ഇന്ന് ആശുപത്രി വിടും. ഇതിന് മുന്നോടിയായി അദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യും.റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും അഭിവാദ്യം ചെയ്യുക. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആശുപത്രിയുടെ ജാലകത്തിങ്കല്‍ നിന്നായിരിക്കും വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ത്രികാല ജപവുമുണ്ടായിരിക്കും. ത്രികാല ജപത്തിനുശേഷമുള്ള സന്ദേശം നല്‍കില്ല. പകരം മുന്‍കൂട്ടി തയാറാക്കിയ സന്ദേശത്തിന്റെ പ്രിന്റ് വിശ്വാസികള്‍ക്കു വിതരണം ചെയ്യും. ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാര്‍പാപ്പ വിശ്വാസികളെ നേരില്‍ കാണുന്നത്.
88കാരനായ മാര്‍പാപ്പയെ ഫെബ്രുവരി 14ലാണ് ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയത്.
Read more
മാര്‍ച്ച് ആദ്യവാരം അദ്ദേഹത്തിന്റെ ഹ്രസ്വ വിഡിയോ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നതായി തോന്നിയ ഈ വിഡിയോയില്‍ അദ്ദേഹം തനിക്കായി പ്രാര്‍ഥിച്ച മുഴുവനാളുകള്‍ക്കും നന്ദി പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട മാര്‍പാപ്പയ്ക്ക് വത്തിക്കാനില്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കല്‍ സംഘത്തില്‍പ്പെട്ട ഡോക്ടര്‍ അറിയിച്ചു.