അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തറിന്റെ നിർദേശം. 10 ദിവസം മുൻപാണ് ഖത്തർ ഹമാസിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടാനാണ് നിർേദശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഖത്തർ നയം മാറ്റം നടത്തിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമാധാന കരാറിന് വഴങ്ങാൻ ഹമാസിനോട് നിർദേശിക്കണമെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പലസ്തീൻ – ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗമായുള്ള ബന്ദി മോചനം അംഗീകരിക്കാൻ ഹമാസ് തയാറായില്ല. ഈ നടപടി അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ ദോഹയിൽ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്തറിനെ അറിയിച്ചു. ഹമാസ് ഖത്തറിൽ തുടരുന്നത് ഖത്തർ – അമേരിക്ക ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ദോഹയിൽ ഹമാസ് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎസ് കോൺഗ്രസിലും സെനറ്റിലും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഖത്തറിലുള്ള ഹമാസ് നേതാക്കളുടെ അക്കൗണ്ടും വസ്തുവകകളും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ സെനറ്റർമാർ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കത്തും നൽകി. ഹമാസ് നേതാക്കളെ ഖത്തറിൽനിന്ന് പൂർണമായും പുറത്താക്കണമെന്നും ഇവർ നിർദേശിച്ചിരുന്നു.
2012 മുതൽ ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിലെ ദോഹയിലാണ്. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെടണമെന്ന അമേരിക്കൻ നിർദേശം ആദ്യഘട്ടത്തിൽ ഖത്തർ സ്വീകരിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ വഴങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Read more
ഹമാസ് ഓഫീസ് ദോഹയിൽ തുടരുന്നതിന് യാതൊരു തടസവുമുണ്ടാകില്ലെന്ന് നേരത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽത്താനി ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇത് പാടെ തള്ളുന്ന നിലപാട് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എത്ര ഹമാസ് നേതാക്കൾ ദോഹയിലുണ്ടെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ ദോഹയിലുള്ള ഹമാസ് നേതാക്കളിൽ ചിലർ യഹ്യ സിൻവാറിന്റെ പിൻഗാമിയാകാൻ വരെ സാധ്യതയുള്ളതായി വിലയിരുത്തപ്പെട്ടവരാണ്. ഇതും അമേരിക്ക ചൂണ്ടിക്കാട്ടുന്നുണ്ട്.