സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍; കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല; അണികളുടെ 'എമ്പുരാന്‍' പ്രതിഷേധം തള്ളി ബിജെപി

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി അറിയില്ല.

വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, ബിജെപി കോര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്ന നിലയില്‍ എമ്പുരാന്‍ സിനിമയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണ് ബിജെപി ജനറല്‍ സെക്രട്ടറി പി സുധീര്‍ പറഞ്ഞു. ബിജെപി കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല.

സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാര്‍ത്ത പിന്‍വലിക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിക്കുന്നു.