'നമ്മൾ ജയിക്കും, ലഹരി തോൽക്കും'; കേരളത്തിൽ നിന്നുള്ള ഡോക്ടർമാരും ഇൻഫ്ലുൻസർമാരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ലഹരി മരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും കുതിച്ചുയരുന്ന സാഹചര്യത്തിൽ, കേരളത്തിൽ നിന്നുള്ള ഡോക്ടർമാരും ഇൻഫ്ലുൻസർമാരും ഉൾപ്പെടുന്ന സംഘവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. ‘നമ്മൾ ജയിക്കുമെന്നും ലഹരി തോൽക്കുമെന്നും’ ഹാഷ്ടാഗോടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ രാഹുൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ജോസഫ് അന്നംകുട്ടി ജോസ്, ഡോ. ആദിത്യ രവീന്ദ്രൻ, ഡോ. ഫാത്തിമ അസ്‌ല എന്നിവരാണ് രാഹുലുമായി ആശയവിനിമയം നടത്തിയത്.

ലഹരി വിപത്തിനെ നേരിടാൻ സമൂഹം ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കുറ്റകൃത്യങ്ങളുടെ വർധനയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ലഹരി കാരണമാകുന്നതായും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലുടനീളം നമ്മുടെ യുവാക്കൾ മയക്കുമരുന്നിന് ഇരയാകുന്നു. ഇന്ത്യയിൽ 2.3 കോടി ഓപിയോയിഡുകളും ഏകദേശം 1 കോടി ഇൻഹാലന്റ് ഉപയോക്താക്കളുമുണ്ട്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുതിച്ചുയരുന്നത് അടിയന്തിരമാണെങ്കിലും, തൊഴിലില്ലായ്മ, നിരാശ, സാമൂഹിക സമ്മർദ്ദം എന്നിങ്ങനെ നമ്മുടെ യുവാക്കളെ മയക്കുമരുന്നിലേക്ക് നയിക്കുന്ന അടിസ്ഥാന സാമ്പത്തിക, സാമൂഹിക, മാനസികാരോഗ്യ ഘടകങ്ങളെയും നാം നേരിടണ മെന്ന് രാഹുൽ കുറിച്ചു.

മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും, മെഡിക്കൽ അടിയന്തരാവസ്ഥകൾക്കും, മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് പ്രശ്‌നം പരിഹരിക്കുന്നതിന് ബോധവൽക്കരണ കാമ്പെയ്‌നുകൾ, ലഹരിവിമുക്ത കേന്ദ്രങ്ങൾ, കൗൺസിലർമാർ എന്നിവയുടെ അടിയന്തര ആവശ്യകതയെക്കുറിച്ച് കൂടിക്കാഴ്ചയിൽ സംസാരിച്ചുവെന്നും രാഹുൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.