റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കും; ഭീഷണി മുഴക്കി വ്ളാദിമിര്‍ പുടിന്‍; റഷ്യയുടെ നയം മാറ്റത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ തിരിച്ചടി ആണവായുധം ഉപയോഗിച്ചുമാകാമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അണ്വായുധം പ്രയോഗിക്കാനുള്ള നിബന്ധനകള്‍ മാറ്റുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി അദേഹം പറഞ്ഞു.

അണ്വായുധശേഷി ഇല്ലാത്ത രാജ്യം അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ റഷ്യയെ ആക്രമിച്ചാല്‍ അതൊരു സംയുക്ത ആക്രമണമായി പരിഗണിക്കുമെന്നു പുടിന്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ അണ്വായുധം ഉപയോഗിച്ച് റഷ്യക്കു മറുപടി നല്കാനാകും.

റഷ്യക്കു നേര്‍ക്ക് വ്യാപകമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായാലും അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യയിലേക്ക് പാശ്ചാത്യ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപഗയാഗിച്ച് ആക്രമണം നടത്താന്‍ അനുമതി നല്‍കണമെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുടിന്റെ പ്രതികരണം. പുടിന്റെ പ്രഖ്യാപനത്തെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു.