കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നെറ്റ്ഫ്ലിക്‌സ്; പിരിച്ചു വിട്ടത് 150 ഓളം ജീവനക്കാരെ

ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലിക്കാരുടെ കൂട്ടപിരിച്ചു വിടൽ. നെറ്റ്ഫ്ലിക്‌സ് തങ്ങളുടെ 150 ഓളം ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിക്കുണ്ടായ കടുത്ത സാമ്പത്തിക നഷ്ടമാണ് നടപടിയിലേയ്ക്ക് നയിച്ചത്. കമ്പനിയിലെ മികച്ച ക്രിയേറ്റീവ് പ്രൊഫഷണലുകളെ പോലും പുറത്താക്കിയെന്നാണ് വിവരം.

രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ടത് കൂടി കണക്കിലെടുത്താണ് നടപടി. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പുറത്താക്കിയിരിക്കുന്നത്. നിലവിൽ 11,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി സബ്‌സ്‌ക്രിപ്ഷൻ ഉയരാത്തതിനാൽ നെറ്റ്‌ഫ്ലിക്സിന്റെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടായിരുന്നില്ല.

222 ദശലക്ഷം കുടുംബങ്ങളാണ് നെറ്റ്ഫ്ലിക്സ് വരിക്കാരായിട്ടുണ്ടങ്കിലും പത്ത് കോടി കുടുംബങ്ങൾ പണം നൽകാതെ നെറ്റ്‌ഫ്ലിക്‌സിന്റെ സേവനം ഉപയോഗിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. സ്വന്തം കുടുംബത്തിന് പുറത്തുള്ളവർ തമ്മിൽ നെറ്റ്‌ഫ്ലിക്‌‌സ് പങ്കുവക്കുന്നതും കമ്പനിയുടെ വളർച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഓഹരി വിപണിയിലും കമ്പനി നഷ്ടത്തിലേക്ക് വീണിരുന്നു. യുക്രെയിൻ – റഷ്യ സംഘർഷത്തിന് പിന്നാലെ റഷ്യയിലെ സേവനം താൽക്കാലികമായി നിർത്തിവച്ചതും നെറ്റ്ഫ്ലിക്സിന് തിരിച്ചടിയായി. 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്‍ഫ്ളിക്സിന് ഉണ്ടായത്.