ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി; ഗാസിയാബാദില്‍ വിമാനം ഇറങ്ങിയതായി സ്ഥിരീകരണം; ബംഗ്ലാദേശിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യ

സര്‍ക്കാരിനെതിരായ കലാപത്തിന് പിന്നാലെ രാജി സമര്‍പ്പിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള സൈനിക വിമാനം ലാന്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ വിമാനം ലാന്റ് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെയാണ് 76കാരിയായ ഷെയ്ഖ് ഹസീന സഹോദരിയ്‌ക്കൊപ്പം രാജ്യം വിട്ടത്. സൈനിക മേധാവിയുടെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഹസീന രാജിവെച്ചത്. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു.

എന്നാല്‍ സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. അധികാരമൊഴിയാന്‍ സൈന്യം അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് രാജിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഇന്നലെ മാത്രം 91 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.

രൂക്ഷമായ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊതു അവധിയും പ്രഖ്യാപച്ചിരുന്നു.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം ബംഗ്ലാദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു.

ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ 56 ശതമാനത്തോളം വിവിധ സംവരണങ്ങള്‍ ഉണ്ട്. തൊഴില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടുക്കുമ്പോഴും സംവരണമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.