ഉത്തര്‍പ്രദേശിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ തീവ്ര പരിചരണത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളുടെ എൻഐസിയുവില്‍ ഉണ്ടായിരുന്നത് കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തമുണ്ടായപ്പോള്‍ ആശുപത്രിയിലെ ഫയര്‍ അലാം പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കിയെന്നും ആരോപണമുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് ഝാന്‍സിയിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റ് ഹോസ്പിറ്റല്‍ അധികൃതരും കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുടെ മാതാപിതാക്കൾ എന്‍ഐസിയുവിന്‌റെ ജനലുകള്‍ തകര്‍ത്ത് അകത്ത് കയറുകയും കയ്യില്‍ കിട്ടുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ശേഷമാണ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്.
കുട്ടികളെ ഉള്ളിൽ കയറി എടുത്ത് രക്ഷപ്പെടുത്തിയ കൂട്ടത്തില്‍ സ്വന്തം മകന്‍ വെന്തുമരിക്കുന്നത് തിരിച്ചറിയാതെ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയ മഹോബാ സ്വദേശിയായ കുല്‍ദീപുമുണ്ടായിരുന്നു. കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടുമ്പോൾ സ്വന്തം കുഞ്ഞ് തീയിലമരുന്നത് ആ അച്ഛന്‍ അറിഞ്ഞിരുന്നില്ല.
പത്ത് ദിവസം മാത്രമായിരുന്നു കുല്‍ദീപിന്റെ മകന് പ്രായം. പതിവ് ചെക്കപ്പിനായി കുഞ്ഞിനെ എന്‍ഐസിയുവിലേക്ക് കൊണ്ടുപോയതായിരുന്നു. ഡോക്ടര്‍ വരുന്നതും കാത്ത് ലോബിയിലിരിക്കുകയായിരുന്നു കുല്‍ദീപും ഭാര്യയും. പെട്ടെന്നാണ് വാര്‍ഡില്‍ തീപിടുത്തമുണ്ടാകുന്നത്. ക്ഷണനേരം കൊണ്ട് പലഭാഗത്തുനിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ പലരും ഓടിക്കൂടിയിരുന്നു. കയ്യില്‍ കിട്ടിയ മൂന്ന് കുഞ്ഞുങ്ങളെയുമെടുത്ത് കുല്‍ദീപ് പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ സ്വന്തം കുഞ്ഞിനെ കണ്ടെത്താൻ കുൽദീപിന് കഴിഞ്ഞില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് നിഗമനം. അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ കുട്ടികള്‍ക്ക് 50,000 രൂപയും നല്‍കും. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് വാര്‍ത്ത കേട്ടതെന്നും കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ധൈര്യം നല്‍കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Read more
ദുരന്തം മെഡിക്കൽ മാനേജ്‌മെൻ്റിൻ്റെ അനാസ്ഥയാണെന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചത്. സംഭവത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചനം രേഖപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ വലിയ ദുരന്തത്തിൻ്റെ വേളയിൽ അനുശോചനവും ആശ്വാസവാക്കുകളും വ്യർത്ഥമാണ്. ഞങ്ങൾ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.