റഷ്യയ്‌ക്ക് എതിരെ നടുവിരല്‍ ഉയര്‍ത്തി സൈനികന്‍; ഉക്രൈന്റെ പുതിയ തപാല്‍ സ്റ്റാമ്പ്

റഷ്യന്‍ അധിനിവേശത്തിന്റെ ആരംഭത്തില്‍ സ്‌നേക്ക് ഐലന്‍ഡില്‍ പ്രതിരോധിച്ചു നിന്ന സൈനികര്‍ക്ക് ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് ഇറക്കാന്‍ ഒരുങ്ങി ഉക്രൈന്‍.
ആക്രമിക്കാനെത്തിയ റഷ്യന്‍ സൈനികര്‍ക്ക് നേരെ ഭീഷണി പോലും വകവെക്കാതെ നടുവിരല്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധം അറിയിച്ച സൈനികന്റെ ചിത്രമാണ് സ്റ്റാമ്പില്‍ പതിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഉക്രൈനിലെ തപാല്‍ വകുപ്പ് തപാല്‍ വകുപ്പ് ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തില്‍ വിജയിച്ച ഡിസൈനാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 500ല്‍ അധികം ഡിസൈനുകള്‍ മത്സരത്തിനായി എത്തിയിരുന്നു. അതില്‍ ലിവിവില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് ബോറിസ് ഗ്രോയെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇക്കാര്യം ഉക്രൈന്‍ വിദേശ കാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ആര്‍ട്ടിസ്റ്റ് ബോറിസിന്റെ ചിത്രത്തിനാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. തപാല്‍ വകുപ്പ് ഉടന്‍ സ്റ്റാമ്പ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ഉക്രൈന്‍ സൈന്യത്തിന്റെ പോരാട്ട വീര്യവും മനോധൈര്യവും ഉയര്‍ത്താന്‍ വേണ്ടിയും വിദേശ രാജ്യങ്ങളുടെ ശ്രദ്ധ രാജ്യത്തിന് കൂടുതല്‍ ലഭിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ചിത്രം ഒരുക്കിയത് എന്ന് ആര്‍ട്ടിസ്റ്റ് ബോറിസും പ്രതികരിച്ചു.

ഫെബ്രുവരി 24ന് ഐലന്റിലെ സൈനികരോട് കീഴടങ്ങാന്‍ യുദ്ധക്കപ്പലില്‍ എത്തിയ റഷ്യന്‍ സേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധമറിയിക്കുകയും അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമാണ് ഉക്രൈന്‍ സൈനികര്‍ ചെയ്തത്.

ഇതേ തുടര്‍ന്ന് റഷ്യന്‍ സേന 13 സൈനികരെ റഷ്യ കൊലപ്പെടുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ല, റഷ്യയുടെ തടവിലാണ് ഉള്ളത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.