ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ ആർ അശ്വിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ബ്രിസ്‌ബേൻ ടെസ്റ്റ് അവസാനിച്ചതിന് ശേഷമാണ് ഓഫ് സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഒരു മത്സരത്തിൽ മാത്രമാണ് അശ്വിൻ കളത്തിൽ ഇറങ്ങിയത്.
“ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു, ഇത് ഇന്ത്യൻ ടീമിനൊപ്പമുള്ള എൻ്റെ അവസാന ദിവസമാണ്. എന്നെ സഹായിച്ചതിന് ബിസിസിഐയ്ക്കും എൻ്റെ ടീമംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് ഞാൻ ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കുന്നില്ല ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി ഐപിഎൽ കളിക്കുന്നത് തുടരും. മുമ്പ് ചെന്നൈയിൽ കളിച്ചിട്ടുള്ള അശ്വിൻ ശേഷം ലീഗിൽ പഞ്ചാബ്, പുണെ, രാജസ്ഥാൻ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് പുറമേ, ശരിക്കുമൊരു ക്രിക്കറ്റിങ് ബ്രെയിൻ തന്നെ ആയിരുന്നു താരം.
അശ്വിൻ സൂപ്പർ കിംഗ്‌സിലേക്ക് രണ്ടാം വരവിന് ഒരുങ്ങുമ്പോൾ, ചെന്നൈ സൂപ്പർ കിങ്സിലെ ആദ്യ നാളുകളിൽ എങ്ങനെയാണ് ധോണിയെ അശ്വിന് ചൊടിപ്പിച്ചത് എന്ന് സെവാഗ് പറഞ്ഞിരിക്കുകയാണ്. ഈ നിമിഷം അനുസ്മരിച്ചുകൊണ്ട് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു:
“ഞാൻ പഞ്ചാബിന് വേണ്ടി കളിക്കുക ആയിരുന്നു. അശ്വിൻ മാക്‌സ്‌വെല്ലിനെ പുറത്താക്കി, ശേഷം അവൻ മോശമായിട്ടൊരു ആഘോഷം നടത്തി. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആഘോഷം ആയിരുന്നു അത്. അല്ലെങ്കിൽ അത് കളിയുടെ സ്പിരിറ്റിന് എതിരായിരുന്നു, എന്നിരുന്നാലും എംഎസ് ധോണിക്ക് അതിൽ വളരെ ദേഷ്യം വരികയും അദ്ദേഹത്തെ ഒരുപാട് ശകാരിക്കുകയും ചെയ്തു.”
Read more
സംഭവം നടക്കുമ്പോൾ നോൺ സ്‌ട്രൈക്കർ ആയിരുന്നു സെവാഗ്. ആഘോഷങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ മാധ്യമങ്ങളിൽ അതിനെക്കുറിച്ച് മൗനം പാലിച്ചുകൊണ്ട് ഒരു ‘കോലാഹലം’ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ” ഞാൻ അന്ന് കൂടുതൽ സംസാരിച്ചിരുന്നെങ്കിൽ അത് വിഷയം ആകുമായിരുന്നു. അശ്വിൻ ചെയ്ത പ്രവർത്തി ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല എനിക്ക് ശരിക്കും ദേഷ്യം വന്നു. പക്ഷെ ചെന്നൈ നായകൻ ധോണി തന്നെ അവനെ കൃത്യ സമയത്ത് ശാസിച്ചു.” സെവാഗ് ഓർത്തു.