'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

ആര്‍ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ആരോപണവുമായി താരത്തിന്റെ പിതാവ് രവിചന്ദ്രന്‍. തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അവസാന നിമിഷമാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന കാര്യം ഞാനും അറിഞ്ഞത്. അവന്റെ മനസില്‍ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു. അതല്ലാതെ മറ്റ് വികാരങ്ങളൊന്നും എനിക്കതില്‍ ഇല്ല. എന്നാല്‍ അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെങ്കിലും മറ്റൊരു വശത്തുനിന്ന് ചിന്തിക്കുമ്പോള്‍ കുറച്ചുകാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി.

അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും പലപ്പോഴും പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുന്നത് അവന് അപമാനമായി തോന്നിയിട്ടുണ്ടാവാം. വിരമിക്കാനുള്ള തീരുമാനം അവന്റെ ആഗ്രഹപ്രകാരം എടുത്തതാണ്. അതില്‍ എനിക്ക് ഇടപെടാനാകില്ല. പക്ഷെ അത് ഇത്രയും വേഗത്തിലാവാന്‍ കാരണം പലതുമുണ്ടാകാം. അത് അശ്വിനെ അറിയു, ഒരുപക്ഷെ അപമാനിതനാകുന്നുവെന്ന തോന്നലാകാം അതിന് കാരണം.

വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാലത് പൊടുന്നനെ ആയതിന് കാരണം ടീമില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പടുന്നതിലെ അപമാനമാകാം. എത്രകാലമെന്നുവെച്ചാണ് ഇതൊക്കെ അവന്‍ സഹിക്കുക. അതുകൊണ്ട് അവന്‍ പെട്ടെന്ന് തീരുമാനമെടുത്തതാകാന്‍ സാധ്യതയുണ്ട്- രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ ഇന്നലെ ബ്രിസ്‌ബെയ്‌നില്‍വച്ചാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശേഷം ഇന്നു രാവിലെ താരം നാട്ടില്‍ തിരിച്ചെത്തി. വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ തന്നെ അശ്വിന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെയാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.