ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രി; ഡോ ഹരിണി അമരസൂര്യ അധികാരത്തിലേറി

ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായി ഡോ ഹരിണി അമരസൂര്യ അധികാരത്തിലേറി. സ്ഥാനമേല്‍ക്കുന്ന ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. അനുര കുമാര ദിസനായകെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഹരിണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ 50ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. അനുര കുമാര ദിസനായകെ ആദ്യഘട്ടത്തില്‍ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെ 17.27 ശതമാനം നേടിയിരുന്നു.

ഇതേ തുടര്‍ന്ന് റനില്‍ വിക്രമസിംഗെ പുറത്തായി. പിന്നാലെ ചരിത്രത്തില്‍ ആദ്യമായി രണ്ടാംഘട്ട വോട്ടെണ്ണല്‍ നടന്നതിലൂടെയായിരുന്നു അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടത്. അനുര വിജയിച്ചതിന് പിന്നാലെ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ഹരിണി അമരസൂര്യ സ്ഥാനമേല്‍ക്കുന്നത്.