ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. മീറ്റിംഗിന്റെ തുടക്കത്തില്‍ ബൈഡന്‍ ട്രംപിനെ സ്വാഗതം ചെയ്യുകയും ഇരുവരും ഓവല്‍ ഓഫീസില്‍ ഇരിക്കുകയും ചെയ്തു. സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും അതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡന്‍ ട്രംപിനോട് പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റതിന് ശേഷം ട്രംപിന്റെ വൈറ്റ് ഹൗസിലുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ കാണുമെന്നും ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുമെന്നും ബൈഡന്‍ ട്രംപിനെ ക്ഷണിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 2020-ലെ തിരഞ്ഞെടുപ്പില്‍ തോറ്റ അന്നത്തെ പ്രസിഡന്റ് ട്രംപ്, ജയിച്ച ബൈഡനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല. ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്. 2016-ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലര്‍ വോട്ടുകളില്‍ അന്ന് വിജയം എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറല്‍ കോളേജ്- പോപ്പുലര്‍ വോട്ടുകള്‍ക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.

2020ലാണ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായത്. ഇത്തവണയും ബൈഡന്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ ബൈഡനാകില്ലെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു ബൈഡന്‍.