വെള്ളപ്പൊക്ക കെടുതി നേരിട്ടവരുടെ കൈപിടിച്ച് യുഎഇ; വായ്പ തിരിച്ചടവിന് സമയം നീട്ടി നല്‍കി; അധിക പലിശകള്‍ ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും യുഎഇ കേന്ദ്ര ബാങ്ക് നോട്ടീസ് നല്‍കി.

ഉപഭോക്താക്കളുടെ കൈയില്‍ നിന്നും അധിക ഫീസോ, പലിശയോ ഈടാക്കാതെ ആറുമാസം വരെ വായ്പാ തിരിച്ചടവ് നീട്ടി നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വായ്പകളുടെ പ്രിന്‍സിപ്പല്‍ തുക വര്‍ദ്ധിപ്പിക്കരുത്. അടുത്തിടെയുണ്ടായ കനത്ത മഴയില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

വീടും വാഹനങ്ങളും ഇന്‍ഷുര്‍ ചെയ്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നഷ്ടപരിഹാരം നല്‍കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയായി കണക്കാക്കുമെന്നും കേന്ദ്രബാങ്ക് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.