രാജ്യത്തെ നിയമങ്ങള്‍ പാലിച്ചില്ല; കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റിനെ പൂട്ടി യുഎഇ; അംഗീകാരം റദ്ദാക്കി സെന്‍ട്രല്‍ ബാങ്ക്

കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലെ അംഗീകാരം റദ്ദാക്കി. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടിയെന്ന്
യുഎഇ സെന്ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഓഹരി, മൂലധനം എന്നിവയില്‍ പാലിക്കേണ്ട ചട്ടങ്ങളില്‍ മുത്തൂറ്റ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയെന്ന് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

യു.എ.ഇ.യുടെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിന് സെന്ട്രല്‍ ബാങ്ക് സ്വീകരിച്ചിട്ടുള്ള നിയമങ്ങളും, ചട്ടങ്ങളും, മാനദണ്ഡങ്ങളും, എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Read more

എക്‌സ്‌ചേഞ്ചുകള് മൂലധനം ഓഹരി എന്നിവ യുഎഇ നിര്‍ദേശിക്കുന്ന നിലവാരത്തില് സൂക്ഷിക്കുകയും ഇതിന്റെ കണക്കുകള്‍ സമര്‍പ്പിക്കുകയും ചെയ്യണം. എന്നാല്‍, പരിശോധനയില്‍ മുത്തൂറ്റ് എക്‌സ്‌ചേഞ്ച് നിരന്തരമായി നിലവാരം സൂക്ഷിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ കണക്കുകളില്‍ വ്യക്തമല്ലെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കടുത്ത നടപടിയെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. സെന്ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക രജിസ്റ്ററില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 137 (1) പ്രകാരം സ്ഥാപനത്തിന്റെ പേര് ഒഴിവാക്കിയിട്ടുമുണ്ടെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.