കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകുന്ന പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ബന്നയാണ് അറിയിച്ചത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണ്. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസഡര്‍ വ്യക്തമാക്കി.
അതേസമയം ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
കൊറോണ വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ കൊറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവന്‍മാരുമായി മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
എന്നാൽ യു.എ.ഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.